നിപ മനുഷ്യരിലേക്ക് എങ്ങനെയെത്തി?
text_fieldsതിരുവനന്തപുരം: കേരളത്തിൽ വവ്വാലുകളിൽനിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് എങ്ങനെയെത്തിയെന്ന് കണ്ടെത്താൻ ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ നടത്തിയ പരിശോധന ഫലം കണ്ടില്ല. എന്നാൽ ഏറ്റവുമൊടുവിൽ രോഗം റിപ്പോർട്ട് ചെയ്ത മലപ്പുറം, പാണ്ടിക്കാട് പഞ്ചായത്തിൽ ആറ് വവ്വാലുകളിൽ നിപയുടെ ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് ആന്റി ബോഡികൾ കണ്ടെത്തിയത്. അതിനാൽ ഉറവിടം വവ്വാലാണെന്ന് വ്യക്തമാണെങ്കിലും മനുഷ്യരിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന് ഒരുസൂചനയും ലഭിച്ചില്ല.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പാലോട്, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ (സിയാദ്) വിദഗ്ധ സംഘവും നടത്തിയ പരിശോധനയിലും ഉറവിടം അജ്ഞാതമാണ്. ജൂലൈ 22 മുതൽ 27 വരെയാണ് പരിശോധന നടത്തിയത്. പശു, ആട്, എരുമ, നായ, പൂച്ച, കാട്ടുപന്നി എന്നിവയിൽ നിന്നും ശേഖരിച്ച സാമ്പിളുകളും, രോഗം ബാധിച്ച ആളുടെ വീടിനടുത്തുനിന്നും ശേഖരിച്ച പഴവർഗങ്ങളുടെ സാമ്പിളും ഉൾപ്പെടെ 98 സാമ്പിളുകളാണ് പരിശോധിച്ചത്. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല.
അതിനാൽ പാണ്ടിക്കാട്ടെ രോഗ ഉറവിടം മൃഗങ്ങളിൽ നിന്നല്ലെന്ന് ‘സിയാദി’ലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ.ഷീല സാലി ടി. ജോർജ് അറിയിച്ചു. കേരളത്തിൽ പല ഘട്ടങ്ങളായി കണ്ടെത്തിയ നിപ വൈറസുകളെല്ലാം ബംഗ്ലാദേശ് വകഭേദങ്ങളാണ്. ഇത് എങ്ങനെയാണ് മനുഷ്യരിലേക്ക് എത്തുന്നതെന്ന് കണ്ടെത്തിയിട്ടില്ല. കള്ളോ പഴമോ വഴിയാകും വൈറസ് മനുഷ്യരിലേക്കെത്താൻ സാധ്യതയെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ രോഗം സ്ഥിരീകരിച്ച മേഖലയിലെ കള്ളിന്റെയും പഴങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. അതിലും കണ്ടെത്താനായില്ല.
എങ്കിലും പരിശോധന തുടരാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സുലഭമാകുന്ന പഴങ്ങളാണ് ശേഖരിക്കുന്നത്. റമ്പൂട്ടൻ, വാഴപ്പഴം, അമ്പഴങ്ങ, ഞാവൽപഴം എന്നിവയുടെ സാമ്പിളുകൾ കോഴിക്കോട് എൻ.ഐ.വി ലാബിൽ പരിശോധിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. മൃഗസംരക്ഷണവകുപ്പും തുടർപരിശോധനക്ക് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് നിപ രോഗഭീതി ഉണ്ടാകുന്നത്. അത് മുന്നിൽകണ്ടാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ-മൃഗസംരക്ഷണ വകുപ്പുകൾ തുടർപരിശോധന നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.