നിപ: ജാഗ്രത മുന്നറിയിപ്പിൽ പാളിച്ച?
text_fieldsകോഴിക്കോട്: നിപയുടെ നാലാം വരവുണ്ടായതോടെ, മുൻകരുതൽ മുന്നറിയിപ്പ് നൽകി ആളുകളെ ജാഗരൂകരാക്കുന്നതിൽ ഔദ്യോഗിക സംവിധാനങ്ങൾക്ക് വീഴ്ച പറ്റിയതായി ആക്ഷേപം. ടീറോപസ് വിഭാഗത്തിലെ പഴംതീനി വവ്വാലുകളിലൂടെയാണ് കേരളത്തിൽ നിപ വൈറസ് എത്തിയതെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്.
വവ്വാലുകളുടെ പ്രജനനകാലമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വൈറസ് വ്യാപനസാധ്യത കൂടുതലാണെന്ന് വിദഗ്ധർ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രവുമല്ല കേരളവും കർണാടകയുമടക്കം ഒമ്പത് സംസ്ഥാനങ്ങളിൽ നിപ വൈറസ് ബാധക്ക് സാധ്യത കൂടുതലാണെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ടും അടുത്തിടെയാണ് പുറത്തുവന്നത്. എന്നാൽ, ഇത് മുഖവിലക്കെടുത്ത് വേണ്ട ജാഗ്രത നിർദേശം നൽകുന്നതിൽ സംവിധാനങ്ങൾക്ക് പാളിച്ചയുണ്ടായെന്നാണ് ആക്ഷേപം.
അവസാനമായി നിപ റിപ്പോർട്ട് ചെയ്തത് 2021 സെപ്റ്റംബറിലാണ്. ചാത്തമംഗലം പഞ്ചായത്തിലെ 12കാരനാണ് അന്ന് മരിച്ചത്. ഇപ്പോൾ വീണ്ടും രോഗം റിപ്പോർട്ട് ചെയ്യുന്നതും വവ്വാലുകളുടെ പ്രജനന കാലമായ സെപ്റ്റംബറിലാണ്.
പൊതുവെ ചുമയും പനിയും വരുന്ന കാലമായതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ പോലും പലരും മുഖവിലക്കെടുക്കാത്ത അവസ്ഥയുണ്ട്. വൈറസ് രോഗവുമായി എത്തുന്നവരിൽ അസ്വാഭാവികത കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്കും മാർഗനിർദേശം നൽകിയില്ല.
രോഗം വരുമ്പോൾ മാത്രമാണ് പ്രതിരോധ സംവിധാനം ഉണരുന്നത്. നേരത്തേ രോഗം റിപ്പോർട്ട് ചെയ്ത ചങ്ങരോത്തും ചാത്തമംഗലത്തും പഠനം നടന്നെങ്കിലും ആദ്യ രോഗിയിലേക്ക് വൈറസ് എത്തിയ ഉറവിടം, വീണ്ടും രോഗം വരുന്നതിന്റെ സാഹചര്യം, വൈറസിലെ ജനിതക വ്യത്യാസം എന്നിവ കണ്ടെത്തുന്നതിനുള്ള തുടർപഠനം ബന്ധപ്പെട്ടവർ നടത്തിയിട്ടില്ല. വവ്വാലുകളുടെയും പന്നികളുടെയുമെല്ലാം സാമ്പിൾ പരിശോധനയിൽ പഠനങ്ങൾ ഒതുങ്ങി.
നിപ വീണ്ടും വരുമെന്നും അത് മുൻനിർത്തി ഐസൊലേഷൻ സൗകര്യമൊരുക്കണമെന്നും പരിശോധന സംവിധാനങ്ങൾ വേണമെന്നും വിദഗ്ധ സമിതി അംഗവും കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത ഡോ. എ.എസ്. അനൂപ് കുമാർ അടക്കമുള്ളവർ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ യാഥാർഥ്യമാക്കാനായില്ല.
2018ല്‍ പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകൻ ദേവേന്ദ്ര ടി. മൗര്യയുടെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര മേഖലയിലെത്തി 52 പഴംതീനി വവ്വാലുകളെ പിടികൂടി തൊണ്ടയിലെയും മലദ്വാരത്തിലെയും സ്രവങ്ങളെടുത്ത് നടത്തിയ ആര്.ടി.പി.സി.ആർ പരിശോധനയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് നിപ രോഗികളിലെ വൈറസുമായുള്ള സാമ്യം 99.7 മുതൽ 100 ശതമാനമായിരുന്നു.
എറണാകുളത്ത് 2019ൽ നടത്തിയ പഠനഫലവും സമാനമാണ്. ഇതോടെ പല ജില്ലകളിലെയും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ നിശ്ശബ്ദ വ്യാപനമുണ്ടാവാമെന്ന നിഗമനത്തിലാണ് ഗവേഷണസംഘം അന്നെത്തിയത്. ഈ മുന്നറിയിപ്പുണ്ടായിട്ടും വവ്വാലുകളുടെ പ്രജനനകാലത്തുപോലും നിപ ജാഗ്രത നിർദേശം നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.