സംസ്ഥാനത്ത് വീണ്ടും നിപ; ഔദ്യോഗിക സ്ഥിരീകരണമായില്ല
text_fieldsകൊച്ചി: എറണാകുളം ജില്ലയില്‍ നിപ സംശയിച്ച് ആശുപത്രിയിൽ കഴിയുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചില്ല. നിപ ലക്ഷണങ്ങളുള്ളതിനാൽ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപയാണെന്ന നിഗമനത്തോടെയുള്ള പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പറവൂര്‍ വടക്കേക്കര സ്വദേശിയും തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ഥിയുമായ 23 വയസ്സുകാരനാണ് നിപബാധയാണെന്ന സംശയത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്.
നിപ സംശയിക്കുന്ന സാഹചര്യത്തിലും കോഴിക്കോട്ടെ മുന്‍ വര്‍ഷത്തെ അനുഭവം മുന്‍നിര്‍ത്തിയുമാണ് ശക്തമായ മുന്നൊരുക്കം നടത്തുന്നതെന്ന് കൊച്ചിയിൽ മെഡിക്കൽ സംഘത്തോടൊപ്പമുള്ള ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗിയുമായി അടുത്തിടപഴകിയ 86 പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജിൽ ഉൾപ്പെടെ ഐസോലേഷന് വാര്ഡ്് ഒരുക്കുകയും, ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു.
തൊടുപുഴയിലെ പഠനത്തിനുശേഷം തൃശൂരിലെ സ്ഥാപനത്തില്‍ ഇേൻറണ്‍ഷിപ് ചെയ്യുന്നതിനിടെയാണ് യുവാവിന് പനി ബാധിച്ചത്. ആദ്യം തൃശൂരിലെ ജനറല്‍ ആശുപത്രിയിലും പിന്നീട് നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രം, സ്വകാര്യ ക്ലിനിക് എന്നിവിടങ്ങളിലും ചികിത്സ തേടി. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെനിന്ന് നിപയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ലാബില്‍ രക്തസാമ്പിള്‍ പരിശോധനക്കയച്ചു. ഫലം പോസിറ്റിവായ സാഹചര്യത്തില്‍ എറണാകുളം ഡി.എം.ഒയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്ഥാപനമായ ആലപ്പുഴയിലെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും മണിപ്പാല്‍ വൈറസ് റിസര്‍ച് സെൻററിലേക്കും സാമ്പിള്‍ അയച്ചു. ഇവിടങ്ങളില്‍ നിന്നുള്ള പരിശോധനാഫലവും പോസിറ്റിവ് ആണ്. എന്നാല്‍, ഇതിനുശേഷം പുണെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാമ്പിള്‍ പരിശോധനയുടെ ഫലം കിട്ടിയാല്‍ മാത്രമേ നിപയാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനാവൂ. ഈ ഫലം ചൊവ്വാഴ്ച ലഭിക്കും. രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരാണ് നിരീക്ഷണത്തിലുള്ളത്.
മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡ് കൂടാതെ പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കാനുള്ള സംവിധാനവും ഒരുക്കി. വെൻറിലേറ്റര്‍ സൗകര്യമുള്ള ഐസോലേഷന് വാര്‍ഡ്, ആംബുലന്‍സ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട്ടെ നിപ പ്രതിരോധ ടീമിലുണ്ടായിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐ.ഡി വാര്‍ഡ് മേധാവി ഡോ.ഷീല മാത്യു, എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെ ഡോ.ചാന്ദ്നി ആര്, മൈക്രോബയോളജി വിഭാഗത്തിലെ ഡോ.മിനി എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കൊച്ചിയിലെത്തി.
സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ നിലയില്‍ പുരോഗതിയുണ്ട്. ഇയാള്‍ക്ക് ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സ തുടരാനാണ് തീരുമാനം. നിപ രോഗികള്‍ക്ക് നല്കുന്ന മരുന്നായ റിബാ വിറിന് ഈ യുവാവിനും നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.