Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിപ: പ്രതിരോധം...

നിപ: പ്രതിരോധം പ്രധാനം... മുൻ കരുതൽ ഇങ്ങനെ...

text_fields
bookmark_border
Nipah Virus
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്​. ഈ സാഹചര്യത്തിൽ, എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അഞ്ചാം തവണയാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിക്കുന്നത്. 2018 മേയിലാണ് സംസ്ഥാനത്താദ്യമായി പേരാ​മ്പ്രയിലെ സൂപ്പിക്കടയിൽ നിപ വൈറസ് ബാധ റിപ്പോർട്ട് ​ചെയ്തത്. കടുത്ത പനിയെ തുടർന്ന് ഒരാളെ പേരാ​മ്പ്ര ആശുപത്രി, കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവിടങ്ങളിൽനിന്ന്​ രോഗം മറ്റുള്ളവരിലേക്ക്​ പകർന്നു. ഇരുപതോളം പേർക്ക്​ വൈറസ്​ ബാധയുണ്ടാവുകയും രണ്ടുപേർക്കൊഴികെ ജീവൻ നഷ്ടപ്പെടുകയുമുണ്ടായി. നഴ്സ് ലിനിയും മരിച്ചവരിൽപെടുന്നു. പിന്നീട് 2019ൽ എറണാകുളത്ത് രോഗം റിപ്പോർട്ട് ചെയ്തെങ്കിലും പെട്ടെന്ന് ശമനമുണ്ടായി. തുടർന്ന് 2021 സെപ്റ്റംബറിൽ കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി 12കാരൻ മരിച്ചു.

2023 ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലായി കോഴിക്കോട്ടെ കുറ്റ്യാടിക്കടുത്ത് മരുതോങ്കര, ആയഞ്ചേരി എന്നിവിടങ്ങളിൽ രണ്ടുപേർ നിപ വന്ന് മരിച്ചു. എന്നാൽ, ഈ വേളയിൽ രോഗം ബാധിച്ച 12 കാരനെയുൾപ്പെടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്കായി. ആദ്യഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ നിപയെ പ്രതിരോധിക്കാനുള്ള ഒട്ടനവധി പഠനങ്ങൾ നടത്തിയെന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ വൈറോളജി ലാബ് ഉൾപ്പെടെ സംവിധാനങ്ങൾ ഒരുക്കിയെന്നതും നേട്ടമാണ്.

മലേഷ്യയിൽ പന്നികളിലാണ് ആദ്യം നിപ വൈറസ്​ കണ്ടെത്തിയത്​. പിന്നീട് മനുഷ്യരിലേക്കെത്തി​. തുടർന്ന് സിംഗപ്പൂരിലും ബംഗ്ലാദേശിലുമെത്തി. ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ 2001ലാണ് രോഗം ആദ്യം വന്നതെങ്കിലും 2004ലാണ് നിപയെന്ന്​ സ്​ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായി വൈറസ് ബാധിച്ചതിനുപിന്നാലെ രണ്ടാമത്തെ കേസിൽ തന്നെ രോഗ സ്​ഥിരീകരണമുണ്ടായി വ്യാപനം പെട്ടെന്ന് തടയാനായതാണ് നിർണായകമായത്. പഴംതീനി വവ്വാലുകൾ വഴിയാണ് കേരളത്തിൽ വൈറസ് ബാധ ആദ്യമുണ്ടായത് എന്നാണ് വിവരം.

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) നാല് മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്ലൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍

കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
സാമൂഹിക അകലം പാലിക്കുക
ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
·രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
·സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍
ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക
രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
·രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsNipah 2024
News Summary - Nipah Virus Causes Symptoms Diagnosis Treatment
Next Story