നിപ പ്രതിരോധം: മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആദരം
text_fieldsബാള്‍ടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ.
ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ശ്യാംസുന്ദര്‍ കൊട്ടിലില്‍ എന്നിവരും സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജയും സ്വീകരണത്തിന് നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും കൈരളി ടിവിയുടെ യു.എസ് പ്രതിനിധി ജോസ് കാടാപുറവും ചടങ്ങില്‍ സംബന്ധിച്ചു.
കേരളത്തിന് ആരോഗ്യമേഖലയില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നല്‍കിയ സ്വീകരണം. 1996ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. നിപ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികള്‍ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഹ്യൂമന്‍ വൈറോളജിയില്‍ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തന കേന്ദ്രമാണ് ബാര്‍ടിമോര്‍ ഐ.എച്ച്.വി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.