നിപയിൽ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
text_fieldsമലപ്പുറം: വണ്ടൂരിലെ നിപ ബാധയിൽ ആശ്വാസം. 13 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള 13 പേരുടെ ഫലമാണ് പുറത്തുവന്നത്. ആശങ്ക വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
175 പേരാണ് നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 26 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ പരിശ്രമവുമാണ് ആരോഗ്യവകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.
സിനിമാ തിയേറ്ററുകൾ പ്രവർത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.
നിപ കൺട്രോൾ സെൽ നമ്പറുകൾ: 0483 2732010, 0483 2732060.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.