നിപ നിയന്ത്രണ വിധേയം: നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തരുത്- മന്ത്രി
text_fieldsകോഴിക്കോട്: നിപ വൈറസ് നിയന്ത്രണവിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നേരത്തേ 18 കേസുകൾ പോസിറ്റീവായതിൽ 16 പേർ മരിച്ചു. ഇതുവരെ 317 കേസ് നെഗറ്റീവ് റിപ്പോർട്ട് വന്നു. ബാക്കിയുള്ള പരിശോധന ഫലങ്ങളിലും നെഗറ്റീവ് റിപ്പോർട്ട് വരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
അവസാനം രോഗം വന്നിരിക്കുന്ന ആളിൽ നിന്നും വൈറസ് പകർന്നിട്ടുണ്ടെങ്കിൽ തിരിച്ചറിയാനുള്ള ഇൻക്യുബേഷൻ പിരീഡ് 21 എന്നത് 42 ദിവസത്തേക്ക് നീട്ടി. 2649 പേരാണ് നേരത്തേ നീരിക്ഷണത്തിലുണ്ടായിരുന്നത്. ഇവരിൽ നിന്നും ഇൻക്യുബേഷൻ പിരീഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോൾ 1430 പേരാണ് ബാക്കിയായത്. ഇത് പിന്നീട് 890 ആയി. 42 ദിവസം വരെ ഇവർ നിരീക്ഷണത്തിലാകും.
സർക്കാർ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദേശങ്ങൾ അയവ് വരുത്തുന്നതാണ്. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 12 മുതല്‍ പ്രവര്‍ത്തിക്കും. നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഒാർമിപ്പിച്ചു. ഇവർക്ക് സാധാരണ ജീവിതം നയിക്കാനാകണം.
നിപ്പ ഏകോപന ചുമതല നിർവഹിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ പ്രത്യേക ഓഫീസിന്റെ പ്രവർത്തനം 15ാം തീയതിക്ക് ശേഷം സിവിൽ സ്റ്റേഷനിലേക്ക് മാറ്റും. 42 ദിവസം പൂർത്തിയാകുന്നത് വരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി പറഞു.
നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ ആരോഗ്യ വകുപ്പ് ആദരിക്കും. ആശുപത്രി സംവിധാനങ്ങൾ മെച്ചപ്പെടുത്തും. മെഡിക്കൽ കോളേജിലെ പോരായ്മകൾ ഉടൻ പരിഹരിക്കുമെന്നും കോഴിക്കോട് BSL 3 നിലവാരത്തിൽ വൈറോളജി ലാബ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് എങ്ങനെ വന്നുവെന്ന പഠനം തുടരും. വൈറസിന്റെ ഉറവിടം വവ്വാൽ തന്നെയാണെന്നാണ് നിഗമനമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.