നിപ: വായുവിലൂടെയും രോഗം പകരാമെന്ന് കേന്ദ്ര സംഘം
text_fieldsകോഴിക്കോട്: നിപ വൈറസിെൻറ ആശങ്കകൾ പലയിടത്തേക്കും പടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ ഒരു മരണം കൂടി. വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ പേരാമ്പ്ര ഗവ. താലൂക്കാശുപത്രിയിൽ പരിചരിച്ച നഴ്സ് ചെമ്പനോട കുറത്തിപ്പാറ പുതുശ്ശേരി നാണുവിെൻറ മകൾ ലിനി(31)യാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചത്. ഇവർക്ക് നിപ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധനയിലേ വ്യക്തമാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വൈറസ് ബാധയെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പു സംഘം പേരാമ്പ്ര പന്തിരിക്കരയിലെത്തി. നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ(എൻ.സി.ഡി.സി) ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍ സിങ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ. എസ്.കെ. ജയിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച എത്തിയത്. നിപ വൈറസ് പടർന്നുപിടിച്ചത് ഉപയോഗശൂന്യമായ കിണറിലുണ്ടായിരുന്ന വവ്വാലുകളിൽ നിന്നോ, മൂസയുടെ വീട്ടിൽ വളർത്തുന്ന മുയൽ, പ്രാവ് ഇവയിൽനിന്നോ ആവാമെന്ന നിഗമനം കേന്ദ്ര സംഘം പങ്കുവെച്ചു. സംഭവം നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്നാണ് മുൻ അനുഭവങ്ങൾ തെളിയിക്കുന്നതെന്ന് ഡോ. സുജീത്കുമാര്‍ സിങ് രാത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈറസ് ബാധിതരുമായി ഒരു മീറ്റർ അകലത്തിൽ ഇടപഴകിയാൽ വായുവിലൂടെയും രോഗം പകരാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സീനിയർ ഫിസിഷ്യെൻറ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച പേരാമ്പ്രയിലെത്തും. തിങ്കളാഴ്ച പുലർെച്ചയാണ് ലിനി മരിച്ചത്. ഇവരുടെ ശരീരസ്രവങ്ങളുടെ സാംപ്ൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെ ബന്ധുക്കളുടെ അനുവാദത്തോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ബഹ്റൈനിൽ ജോലിചെയ്യുന്ന വടകര പുത്തൂർ സ്വദേശി സജീഷിെൻറ ഭാര്യയാണ്. മാതാവ്: രാധ. മക്കൾ: സിദ്ധാർഥ് (അഞ്ച്), റിതുൽ (രണ്ട്).
പേരാമ്പ്ര ചെറുവണ്ണൂരിലെ ജാനകിയും മരിക്കാനിടയായത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ നേരത്തെ മരിച്ച പന്തിരിക്കരയിലെ കുടുംബത്തിലെ മൂന്നു പേരടക്കം നാലുപേരുടെയും മരണകാരണം നിപ വൈറസ് ബാധയാണെന്ന് വ്യക്തമായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വളച്ചുകെട്ടി മൂസക്കും വൈറസ് ബാധയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ ഒമ്പതുപേരും സ്വകാര്യ ആശുപത്രികളിൽ മൂന്ന് പേരുമാണ് നിപ വൈറസ് ബാധിച്ചവരായി സംശയിക്കുന്നത്. ഇതിൽ മൂന്നുപേർ മരിച്ചവരെ പരിചരിച്ച നഴ്സുമാരാണ്. മരിച്ച സ്വാലിഹിെൻറ ഭാര്യ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആത്തിഫക്ക് വൈറസ് ബാധിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. വൈറസ് ബാധിതരുമായി നേരിട്ടല്ലെങ്കിലും ബന്ധമുള്ള 60 പേർ അതത് വീടുകളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ രക്തസാംപിൾ പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
വൈറസ് ബാധ ഫലപ്രദമായി തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും നേരിടാൻ ആരോഗ്യവകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഉപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട്, ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്ന് ഐസോേലറ്റഡ് വാർഡുകൾ തുടങ്ങി. ഇതിനുപുറമേ ബീച്ച് ആശുപത്രിയിലും പേരാമ്പ്ര, താമരശ്ശേരി, കൊയിലാണ്ടി ആശുപത്രികളിലും രോഗികളെ ചികിത്സിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് മെഡിക്കൽ കോളജ് ആശുപത്രിക്കായി 20 ലക്ഷം രൂപ ബിവറേജസ് കോർപറേഷെൻറ ഫണ്ട് തൊഴിൽ, എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അനുവദിച്ചു. വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദേശങ്ങളാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ളത്.
വൈറസ് പടർന്നത് കിണറ്റിലെ വവ്വാലുകളിൽനിന്നെന്ന് നിഗമനം
പേരാമ്പ്ര: കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ നിപ വൈറസ് പടർന്നുപിടിച്ചത് ഉപയോഗശൂന്യമായ കിണറ്റിൽ കൂടുകൂട്ടിയ വവ്വാലുകളിൽ നിന്നാണെന്ന് നിഗമനം. പന്തിരിക്കര സൂപ്പിക്കര വളച്ചുകെട്ടിയിൽ മൂസയും കുടുംബവും അടുത്തിടെ വാങ്ങിയ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് വവ്വാലുകളുള്ളത്. കുടുംബം നോമ്പുകഴിഞ്ഞ് ഇവിടേക്ക് താമസം മാറാനിരിക്കുകയായിരുന്നു. ഇതിനുവേണ്ടി മൂസയും പിന്നീട് രോഗംബാധിച്ച സാബിത്ത്, സഹോദരൻ സ്വാലിഹ് എന്നിവരും കിണർ വൃത്തിയാക്കിയതായി പരിശോധനയിൽ വ്യക്തമായി.
നിപ വൈറസ് വവ്വാലുകളിൽനിന്നാണ് പടരുകയെന്നത് നേരത്തേതന്നെ പഠനങ്ങൾ തെളിയിച്ചതാണ്. ഇൗ സാഹചര്യത്തിൽ ആഴമേറിയ കിണർ പരിശോധന സംഘം മൂടി. വെറ്ററിനറി വകുപ്പ്, വന്യജീവി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ഈ വവ്വാലുകളുടെ സാമ്പിൾ ശേഖരിച്ച് പുണെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് മണിപ്പാൽ വൈറസ് റിസർച് സെൻററിലെ ഡോ. ജി. അരുൺകുമാർ പറഞ്ഞു. വവ്വാൽ കടിച്ചുപേക്ഷിക്കുന്ന മാമ്പഴങ്ങളിൽനിന്നും സാമ്പിൾ ശേഖരിച്ച് അയക്കുന്നുണ്ട്.
മലപ്പുറത്തെ പനി മരണം: ഫലം ചൊവ്വാഴ്ച ലഭിക്കും
മലപ്പുറം: കഴിഞ്ഞദിവസമുണ്ടായ നാലുമരണങ്ങളിൽ തെന്നല, മുന്നിയൂർ, ചട്ടിപ്പറമ്പ് എന്നിവിടങ്ങളിലേത് നിപ വൈറസ് ബാധയെ തുടർന്നാണെന്ന് സംശയിക്കുന്നു. മണിപ്പാൽ വൈറോളജി ലാബിലേക്കയച്ച സാമ്പിളുകളുടെ ഫലം ചൊവ്വാഴ്ച രാവിലെ ലഭിക്കും. ജില്ല, താലൂക്ക്, ജനറൽ ആശുപത്രികളിൽ പനി ക്ലിനിക്ക് തുടങ്ങും. 40 പേർ അടങ്ങുന്ന വിദഗ്ധ സംഘത്തെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ ആശങ്കയകറ്റാൻ ശുചിത്വമിഷെൻറ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ സ്കൂളുകളിലും അംഗൻവാടികളിലും വീടുകളിലും ബോധവത്കരണം നടത്തും.
ആത്തിഫക്ക് വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം
കുറ്റ്യാടി: പന്തിരക്കര സൂപ്പിക്കടയിൽ അപൂർവയിനം പനി ബാധിച്ച് മരിച്ച വളച്ചുകെട്ടിയിൽ സാലിഹിെൻറ ഭാര്യ ആത്തിഫക്ക് വൈസ് ബാധയില്ലെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മേയ് 18നാണ് സാലിഹ് മരിച്ചത്. കുറ്റ്യാടി ഉൗരത്ത് സ്വദേശിയായ ആത്തിഫയുടെ നിക്കാഹ് മാത്രമാണ് കഴിഞ്ഞിരുന്നത്. സാലിഹിന് അസുഖം ബാധിച്ചപ്പോൾ ആത്തിഫ പരിചരിക്കാൻ ആശുപത്രിയിൽ പോയിരുന്നു. പനിബാധിച്ച് ശനിയാഴ്ചയാണ് ആത്തിഫയെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, രക്തപരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതായി ആത്തിഫയുടെ പിതാവ് അബൂബക്കർ അറിയിച്ചതായി കുറ്റ്യാടി ഹെൽത്ത് ഇൻസ്പെക്ടർ ബാബു പറഞ്ഞു.
മെഡിക്കൽ കോളജിൽ മൂന്ന് വാർഡുകൾ തുടങ്ങി; നാല് പ്രാദേശിക ആശുപത്രികളിലും സൗകര്യം
കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന് സംശയിക്കുന്ന രോഗികളെ ചികിത്സിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ഐസോലേറ്റഡ് വാർഡുകൾ ഒരുക്കി.അത്യാഹിത വിഭാഗത്തിന് സമീപമുള്ള നിരീക്ഷണ വാർഡും ഇൻഫക്റ്റഡ് ഡിസീസസ് വാർഡും (വാർഡ് 43), കെ.എച്ച്.ആർ.ഡബ്ലിയു.എസിന് കീഴിലെ പേവാർഡുകളിലൊന്നുമാണ് സജ്ജീകരിച്ചത്. കൂടാതെ ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളജിന് കീഴിലെ നെഞ്ചുരോഗാശുപത്രി തീവ്രപരിചരണ വിഭാഗത്തിലും ചികിത്സിക്കും. സുരക്ഷ മുൻകരുതൽ സ്വീകരിച്ച് ചികിത്സ നൽകുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരെ ആവശ്യമെങ്കിൽ മറ്റു മെഡിക്കൽ കോളജുകളിൽനിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
മെഡിക്കൽ കോളജിന് പുറമെ ബീച്ച് ആശുപത്രി, പേരാമ്പ്ര, താമരശ്ശേരി, കൊയിലാണ്ടി താലൂക്കാശുപത്രികളിലും പ്രത്യേക വാർഡുകൾ സജ്ജീകരിച്ചു. ഇവിടങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നിർദേശങ്ങളും നൽകിയെന്നും ചികിത്സക്കെത്തുന്നവരിൽ നിപ വൈറസ്ബാധ സംശയിക്കുന്നവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ സംവിധാനം ഒരുക്കിയെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സ്വകാര്യ ആശുപത്രികളിലും ചികിത്സ സൗകര്യമുണ്ട്. നിപ വൈറസ്ബാധയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നവവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ ഇടപെട്ട് ബിവറേജസ് കോർപറേഷൻ ഫണ്ടിൽനിന്ന് 20 ലക്ഷം രൂപ മെഡിക്കൽ കോളജിന് അനുവദിച്ചു.
ആവശ്യമെങ്കിൽ അത്യാധുനിക ഉപകരണങ്ങൾ വാങ്ങാൻ പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. എച്ച്.ഡി.എസ് ഫണ്ട് വിനിയോഗിച്ചും ചികിത്സ സൗകര്യങ്ങൾ ഒരുക്കാമെന്നും ഈ തുക പിന്നീട് സർക്കാർ അനുവദിക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആശുപത്രിയിലെ ഡോക്ടർമാരുെട ക്ഷാമം മറികടക്കാൻ, വിരമിച്ചവരെ താൽകാലിക സേവനത്തിന് നിയോഗിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
പനിബാധ: പാലാഴി സ്വദേശിയുടെ നില ഗുരുതരം
പന്തീരാങ്കാവ്: പനി ബാധിച്ച് രണ്ടു ദിവസമായി മിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള പാലാഴി സ്വദേശിയായ 25കാരെൻറ നില ഗുരുതരമായി തുടരുന്നു. കുറച്ചു ദിവസമായി പ്രാഥമികാരോഗ്യകേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയ യുവാവിനെ ശനിയാഴ്ചയാണ് മിംസിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പനി ‘നിപ’യാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗലക്ഷണങ്ങൾക്ക് ഇതുമായി സാമ്യമുണ്ട്. മാത്രമല്ല, ഓട്ടോ ഡ്രൈവറായ യുവാവ് ദിവസങ്ങൾക്കുമുമ്പ് മാതാവിെൻറ വീടായ പേരാമ്പ്രയിൽ പോയി താമസിച്ചിരുന്നതായി ആരോഗ്യ പ്രവർത്തകർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വീടിനു സമീപത്ത് ആശങ്കയുളവാക്കുന്ന സാഹചര്യങ്ങളൊന്നുമില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. രോഗിയുമായി ബന്ധപ്പെട്ടവരെ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമായ ജാഗ്രത നടപടികൾ കൈക്കൊള്ളുന്നുണ്ട്.
സർക്കാറിന് പ്രതിപക്ഷത്തിെൻറ സഹായ വാഗ്ദാനം
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യക്ഷപ്പെട്ട നിപാ വൈറസ് ബാധ പടർന്നുപിടിക്കാതെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പ്രതിപക്ഷം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കോഴിക്കോട്ട് പനി പടരുകയും മരണസംഖ്യ പത്തായി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഫോണിൽ വിളിച്ച് ഉത്കണ്ഠ അറിയിച്ചതോടൊപ്പമാണ് പ്രതിപക്ഷത്തിെൻറ പിന്തുണ രമേശ് ചെന്നിത്തല വാഗ്ദാനം ചെയ്തത്. രോഗം പടർന്നുപിടിക്കാതിരിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യത്തിനുള്ള ഔഷധവും ആരോഗ്യ പ്രവർത്തകരെയും എത്തിക്കണം. ബോധവത്കരണ പ്രവർത്തനവും നടത്തണം. പണം ഒന്നിനും തടസ്സമാകരുത്. മരണമടഞ്ഞവരുടെയും രോഗം ബാധിച്ചവരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകണം. സംസ്ഥാനതലത്തിൽതന്നെ ശുചീകരണപ്രവർത്തനങ്ങൾ നടത്തണമെന്നും പ്രതിപക്ഷ നേതാവ് നിർദേശിച്ചു.
ഭീതി വിട്ടൊഴിയാതെ നാട്ടുകാർ
പേരാമ്പ്ര: നിപ വൈറസ്ബാധയെ തുടർന്ന് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട, ചെറുവണ്ണൂർ പഞ്ചായത്തിലെ കണ്ടീതാഴെ, ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട എന്നിവിടങ്ങളിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മന്ത്രിമാർ ഉൾപ്പെടെ രംഗത്തുണ്ടെങ്കിലും നാട്ടുകാരുടെ ഭീതി വിട്ടൊഴിയുന്നില്ല. സൂപ്പിക്കടയിൽ ബന്ധുക്കളായ മൂന്ന് പേരും ചെമ്പനോട ഇവരിൽ ഒരാളെ ശുശ്രൂഷിച്ച നഴ്സുമാണ് മരിച്ചത്. സൂപ്പിക്കടയിലെ യുവാവ് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ അവിടെ ഭർത്തൃപിതാവിന് കൂട്ടിരുന്ന കണ്ടീതാഴെ സ്വദേശിനിയും അവിടെ ചികിത്സയിലുണ്ടായിരുന്ന കോട്ടൂർ പഞ്ചായത്തിലെ തിരുവോട് സ്വദേശിയും മരിച്ചു. ചങ്ങരോത്തും ചെറുവണ്ണൂരിലും മന്ത്രിമാരായ കെ. കെ. ശൈലജയും സ്ഥലം എം. എൽ. എ കൂടിയായ മന്ത്രി ടി. പി. രാമകൃഷ്ണനും മെഡിക്കൽ സംഘത്തോടൊപ്പം സന്ദർശിച്ച് നാട്ടുകാരെ ബോധവൽക്കരണം നടത്തി. തിങ്കളാഴ്ച്ച കേന്ദ്ര സംഘമാണ് സന്ദർശനം നടത്തിയത്. ഇവർ പേരാമ്പ്ര താലൂക്കാശുപത്രിയിലും സന്ദർശനം നടത്തിയിട്ടുണ്ട്.
ജനങ്ങളുടെ ഭീതിയകറ്റാൻ കെ. കെ. ജിനിൽ, മുഹമ്മദ് പൂങ്കാവനം, അശോകൻ മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പൈതോത്ത് ശശി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ബിജു, ആവള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: ബിനോയ്, ജെ.എച്ച്ഐ മാരായ രാമചന്ദ്രൻ ,ഷാജി, സുലേഖ, ജെ.പി.എച്ച്.എൻ എന്നിവരും മരണവീടും പരിസരവും സന്ദർശിച്ച് ബോധവത്ക്കരണം നടത്തി. ചെമ്പനോടയിൽ ഒരാളെ പനിയെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൂപ്പിക്കടയിലെ ആദ്യ മരണം നടന്നപ്പോൾ മെഡിക്കൽ കോളേജ് അധികൃതർ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഇത്ര വലിയ പ്രശ്നമുണ്ടാവില്ലായിരുനെന്ന് ചങ്ങരോത്ത് നടന്ന യോഗത്തിൽ നാട്ടുകാർ അഭിപ്രായപ്പെട്ടു. രണ്ടാമത്തെ മരണം ശ്രദ്ധയിൽപ്പെട്ടപ്പോൾ ചെയ്യാവുന്നതെല്ലാം ചെയ്തെന്ന് മന്ത്രി ശൈലജ പറഞ്ഞു.
കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്ന് മൃഗസംരക്ഷണവകുപ്പ്
തിരുവനന്തപുരം: നിപ വൈറല്‍ പനി നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യം ഇല്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു. രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ചാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി, തുടങ്ങിയവ ശ്രദ്ധയിപ്പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനും ആരംഭിച്ചിട്ടുണ്ട്. ഹെല്പ് ലൈന്‍ നമ്പര്‍ - 0471 2732151. രോഗം മൃഗങ്ങളെ ബാധിക്കുമെങ്കിലും വളര്‍ത്തുമൃഗങ്ങളില്‍ ഈ രോഗം വന്നതായി ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാടന്ഫലങ്ങള് ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. രോഗവാഹകരായ വവ്വാലുകളുടെ വിസര്‍ജ്യം ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കംമൂലമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരുന്നത്.
വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങളിലൂടെയാണ് സാധാരണയായി രോഗവ്യാപനം നടക്കുന്നത്. രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാംപിളുകള്‍ ശേഖരിച്ച് പ്രാഥമിക പരിശോധന സംസ്ഥാനതല ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.