നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സക്ക് ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കും.മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടെന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.