നിപ വൈറസ്; രണ്ടാം കേന്ദ്രസംഘം കേരളത്തിലെത്തും
text_fieldsകോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടാം കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. പൂനൈ വൈറോളജി ലാബിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് കേരളത്തിലെത്തുന്നത്. ഡോ.റിമ ആർ.സഹായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക.
സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു. നിപ ബാധിച്ച് മരിച്ച 12-കാരൻ റമ്പൂട്ടാൻ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ റമ്പൂട്ടാൻ പഴത്തിന്റെ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘം അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ കേരളത്തിലെത്തും.
അതേസമയം, മൃഗസംരക്ഷണ വകുപ്പ് അധികൃതർ പഴൂരിൽ ഇന്ന് പരിശോധന നടത്തും. കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിച്ച് സാമ്പിൾ ശേഖരിക്കും. എന്നാൽ ആടിൽ നിന്നല്ല നിപ പകർന്നതെന്ന് നേരത്തേ ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.
പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ച് കണ്ടെത്തും. കുട്ടിയുടെ അമ്മക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കുമാണ് രോഗലക്ഷണമുള്ളത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കുട്ടിക്ക് രോഗം ബാധിച്ചത് ജന്തുജാലങ്ങളിൽ നിന്നാണോ അതോ മറ്റാരിൽ നിന്നെങ്കിലും പകർന്നതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.