നിപ; വവ്വാലുകളെ വീണ്ടും പിടികൂടി
text_fieldsകൊടിയത്തൂർ: നിപ്പ വൈറസിൻ്റെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര, സംസ്ഥാന അന്വേഷണ സംഘത്തിൻ്റെ ശ്രമം വവ്വാലുകളിൽ കേന്ദ്രീകരിച്ച് തുടരുന്നു. നിപ്പ മരണം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ മൂന്നൂരിൻ്റെ മൂന്നു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് കഴിഞ്ഞ ദിവസവും വവ്വാലുകളെ പിടികൂടി.
കൊടിയത്തൂരിലെ ചെറുകയിൽ കുറ്റിയോട്ട് പ്രദേശത്തുള്ള വവ്വാലുകളുടെ ആവാസ കേന്ദ്രത്തിനു സമീപം വിരിച്ച വലയിൽ ബുധനാഴ്ച്ച അഞ്ച് വവ്വാലുകൾ കുടുങ്ങി. മറ്റു പല സ്ഥലങ്ങളിലും വവ്വാലുകളെ പിടിക്കാൻ കെണി ഒരുക്കിയിട്ടുണ്ട്. ഇര തേടി പുറപ്പെടുന്ന വവ്വാലുകൾ പുലർച്ചെ ആവാസ സ്ഥലത്തേക്കു മടങ്ങി വരുമ്പോൾ കുടുങ്ങത്തക്ക രീതിയിലാണ് വല വിരിച്ചിരിക്കുന്നത്.
നൂറുകണക്കിന് വവ്വാലുകളുടെ ആവാസ കേന്ദ്രമാണിത്. പിടിയിലായ വവ്വാലുകളുടെ സ്രവം പരിശോധനക്കു വിധേയമാക്കും.
പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ ഡോക്ടർ മങ്കേഷ് ഗോഖലെ, സംസ്ഥാന വനം വകുപ്പ് ചീഫ് വെറ്റിനറി ഓഫീസർ ഡോക്ടർ അരുൺ സക്കറിയ എന്നിവരുടെ നേതൃത്വത്തിൽ വനം വകുപ്പ് വയനാട്, താമരശ്ശേരി ദ്രുത പ്രതികരണ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുന്നത്. ഇതിനിടെ മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.