എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ‘കേരള’കുതിപ്പ്; 40ൽനിന്ന് 24ലേക്ക്
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ഏർപ്പെടുത്തിയ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിം വർക്ക് (എൻ.ഐ.ആർ.എഫ്) പട്ടികയിൽ കേരള സർവകലാശാലക്ക് കുതിപ്പ്. കഴിഞ്ഞ വർഷത്തെ 40ാം റാങ്കിൽനിന്ന് ഇത്തവണ 24ാം സ്ഥാനത്തെത്തി. കേരളത്തിൽനിന്നുള്ള സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തും കേരള സർവകലാശാലയാണ്. ‘നാകി’ന്റെ എ പ്ലസ് പ്ലസ് ഗ്രേഡ് നേട്ടത്തിന് പിന്നാലെയാണ് കേരള സർവകലാശാല എൻ.ഐ.ആർ.എഫ് റാങ്കിങ്ങിലും മുന്നേറ്റം നടത്തിയത്.
സർവകലാശാല വിഭാഗത്തിൽ എം.ജി സർവകലാശാല 31ാം റാങ്കോടെ കേരളത്തിൽ രണ്ടാം സ്ഥാനത്തുണ്ട്. കുസാറ്റ് കഴിഞ്ഞ വർഷം 41ാം റാങ്കിലുണ്ടായിരുന്നത് ഇത്തവണ 37ാം സ്ഥാനത്തെത്തി. കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ വർഷം 69ാം സ്ഥാനത്തുണ്ടായിരുന്നത് ഇത്തവണ 70ാം റാങ്കിലെത്തി. കാസർകോട് കേന്ദ്ര സർവകലാശാല (108ാം റാങ്ക്), കേരള കാർഷിക സർവകലാശാല (127), കണ്ണൂർ സർവകലാശാല (167) എന്നിവയാണ് പട്ടികയിൽ ഇടംപിടിച്ച കേരളത്തിൽനിന്നുള്ള സർവകലാശാലകൾ. ഓവറോൾ റാങ്കിങ്ങിലും കേരളത്തിൽനിന്ന് കേരള സർവകലാശാലയാണ് (47ാം റാങ്ക്) മുന്നിൽ. എം.ജി (52), കോഴിക്കോട് എൻ.ഐ.ടി (54), കുസാറ്റ് (63), കാലിക്കറ്റ് (108), തിരുവനന്തപുരം ഐസർ (116), പാലക്കാട് (117) എന്നിവയും ഓവറോൾ റാങ്കിങ്ങിൽ ഇടംപിടിച്ചു.
കോളജ് വിഭാഗത്തിൽ ഇത്തവണയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജാണ് സംസ്ഥാനത്ത് മുന്നിൽ. കഴിഞ്ഞ വർഷം 24ാം റാങ്കുണ്ടായിരുന്നത് ഇത്തവണ 26ാം റാങ്കാണ്. എറണാകുളം രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസാണ് (30ാം റാങ്ക്) രണ്ടാം സ്ഥാനത്ത്. എറണാകുളം സെന്റ് തെരേസാസ് (41), തിരുവനന്തപുരം മാർ ഇവാനിയോസ് (45), എറണാകുളം മഹാരാജാസ് (46), മാവേലിക്കര ബിഷപ്മൂർ (51), തൃശൂർ സെന്റ് തോമസ് (53), ചങ്ങനാശ്ശേരി എസ്.ബി (54), കോഴിക്കോട് സെന്റ് ജോസഫ്സ് ദേവഗിരി (59), തേവര സേക്രഡ് ഹാർട് (72), തിരുവനന്തപുരം ഗവ. വിമൻസ് (75),
ആലുവ യു.സി (77), കോട്ടയം സി.എം.എസ് (85), കോതമംഗലം മാർ അതനേഷ്യസ് (87) എന്നീ കോളജുകൾ ആദ്യ നൂറ് റാങ്കിൽ ഇടംപിടിച്ചു. കഴിഞ്ഞ വർഷം കോളജ് വിഭാഗത്തിൽ ആദ്യ നൂറിൽ കേരളത്തിൽനിന്ന് 17 കോളജുകൾ ഉണ്ടായിരുന്നത് ഇത്തവണ 14 ആയി കുറഞ്ഞു. കോട്ടയം ബി.കെ കോളജ് (106), ഇരിങ്ങാലക്കുട ക്രൈസ്റ്റ് (107), കോഴിക്കോട് ഫാറൂഖ് കോളജ് (110), തലശ്ശേരി ഗവ. ബ്രണ്ണൻ (115), പാലക്കാട് ഗവ. വിക്ടോറിയ (116), നാട്ടകം ഗവ. കോളജ് (117), നിർമല കോളജ് മൂവാറ്റുപുഴ (130), കൂത്തുപറമ്പ് നിർമലഗിരി (131), തളിപ്പറമ്പ് സർസയ്യിദ് (141),
പട്ടാമ്പി ഗവ. സംസ്കൃത കോളജ് (142), തൃശൂർ സെന്റ് ജോസഫ്സ് (147), തൃശൂർ വിമല (150), കോട്ടയം ബസേലിയോസ് (151), തൃക്കാക്കര ഭാരത്മാത (152), പത്തനംതിട്ട കത്തോലിക്കേറ്റ് (156), ആറ്റിങ്ങൽ ഗവ. കോളജ് (161), കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയന്സ് (163), കാസർകോട് ഗവ. കോളജ് (165), തിരുവനന്തപുരം ഗവ. ആർട്സ് കോളജ് (166), കുട്ടിക്കാനം മരിയൻ (176), കാഞ്ഞങ്ങാട് നെഹ്റു (177), പയ്യന്നൂർ കോളജ് (180), തിരൂരങ്ങാടി പി.എസ്.എം.ഒ (182), തൃശൂർ ശ്രീകേരള വർമ (190), കൊല്ലം എസ്.എൻ (191), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് (193), ആലുവ സെന്റ് സേവ്യേഴ്സ് (195), ആലപ്പുഴ സെന്റ് ജോസഫ്സ് ഫോർ വിമൻസ് (196) എന്നീ കോളജുകൾ ആദ്യ 200 കോളജുകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം 200 കോളജുകളുടെ പട്ടികയിൽ 49 കോളജുകൾ ഇടംപിടിച്ചത് ഇത്തവണ 42 ആയി കുറഞ്ഞു.
മികച്ച സർവകലാശാല പട്ടികയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻസ് ബംഗ്ലൂരുവിനാണ് ഒന്നാം റാങ്ക്. ജെ.എൻ.യുവിന് രണ്ടും ജാമിഅ മില്ലിയക്ക് മൂന്നും റാങ്ക് ലഭിച്ചു. രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനമായി തുടർച്ചയായ അഞ്ചാം വർഷവും മദ്രാസ് ഐ.ഐ.ടി ആദ്യ റാങ്ക് നിലനിർത്തി. കോളജ് വിഭാഗത്തിൽ ഡൽഹി മിറാൻഡ കോളജിനാണ് ഒന്നാം റാങ്ക്. ഡൽഹി ഹിന്ദു കോളജ് രണ്ടും ചെന്നൈ പ്രസിഡൻസി കോളജ് മൂന്നും റാങ്കിലെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആദ്യമായി പട്ടികയിൽ; 44ാം റാങ്ക്
തിരുവനന്തപുരം: എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യമായി ഇടംപിടിച്ച് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ 44ാം റാങ്കാണ് മെഡിക്കൽ കോളജിന് ലഭിച്ചത്. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഈ വിഭാഗത്തിൽ പത്താം റാങ്കുണ്ട്.
ഡെന്റൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിരുവനന്തപുരം ഗവ. ഡെന്റൽ കോളജിന് 25ാം റാങ്കുണ്ട്. എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴിക്കോട് എൻ.ഐ.ടി (23), തിരുവനന്തപുരം ഐ.ഐ.എസ്.ടി (48), പാലക്കാട് ഐ.ഐ.ടി (69) എന്നിവ ആദ്യ നൂറിൽ ഇടംപിടിച്ചപ്പോൾ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിന് (സി.ഇ.ടി) 157ാം റാങ്കാണ് ലഭിച്ചത്.
ആർക്കിടെക്ചർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ കോഴിക്കോട് എൻ.ഐ.ടി രണ്ടാം റാങ്ക് നേടി. തിരുവനന്തപുരം സി.ഇ.ടിക്ക് 17ാം റാങ്കും ലഭിച്ചു. കാർഷിക, അനുബന്ധ സർവകലാശാല വിഭാഗത്തിൽ കേരള കാർഷിക സർവകലാശാല 15ാം റാങ്ക് നേടിയപ്പോൾ ഫിഷറീസ് (കുഫോസ്) സർവകലാശാല 25ാം റാങ്കിലുമെത്തി. ഇന്നൊവേഷൻ സ്ഥാപങ്ങളുടെ വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്ക് എട്ടാം സ്ഥാനമുണ്ട്. മാനേജ്മെന്റ് പഠനവിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എമ്മിനാണ് മൂന്നാം റാങ്ക്. കോഴിക്കോട് എൻ.ഐ.ടിക്ക് 75ാം റാങ്കും ലഭിച്ചു. ഗവേഷണ സ്ഥാപനങ്ങൾ, നിയമപഠന സ്ഥാപനങ്ങൾ, ഫാർമസി സ്ഥാപനങ്ങൾ എന്നിവയുടെ റാങ്കിങ്ങിൽ കേരളത്തിലെ സ്ഥാപനങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.