രക്ഷാപ്രവർത്തനത്തിനാണ് പ്രാമുഖ്യം; വിവാദങ്ങൾക്കില്ല- നിർമല സീതാരാമൻ
text_fieldsതിരുവനന്തപുരം: കടലിൽ കാണാതായവരെക്കുറിച്ചുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്നും ഈ സമയത്ത് വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. താൻ ഇന്ന് വിഴിഞ്ഞത്തും പൂന്തുറയിലും സന്ദർശനം നടത്തിയിരുന്നു. അവിടത്തെ സ്തീകളും പുരുഷന്മാരടക്കമുള്ള മത്സ്യത്തൊഴിലാളികൾ ഒന്നാകെ ആശങ്കയിലാണ്. കടലിൽ കാണാതായ എല്ലാവരേയും തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. എല്ലാവരും തിരിച്ചെത്തുന്നതുവരെ തെരച്ചിൽ അവസാനിപ്പിക്കുകയോ മന്ദീഭവിപ്പിക്കുയോ ചെയ്യില്ല എന്നും മന്ത്രി ഉറപ്പ് നൽകി.
ചുഴലിക്കാറ്റ് അടിച്ച് 15 ദിവസങ്ങൾക്ക് ശേഷം കാണാതായവരെ രക്ഷപ്പെടുത്തിയ സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അതിനാൽ കടലിൽ അകപ്പെട്ടവരെയെല്ലാം ജീവനോടെ തിരിച്ചെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. ആരും പ്രതീക്ഷ കൈവിടരുതെന്നും മന്ത്രി അഭ്യർഥിച്ചു.
നേവി, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങൾ താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഓരോ ആളെയും രക്ഷിക്കുമ്പോൾ അവർ അപ്പപ്പോൾ വിവരങ്ങൾ അറിയിക്കുന്നുണ്ട്. 30 മുതൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.
കേരളത്തിനായി കേന്ദ്രം ദുരിതാശ്വാസഫണ്ട് പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് അനുഭാവപൂർവം പരിഗണിക്കുമെന്നും കേരളത്തിലെ സ്ഥിതി താൻ കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഫിഷറീസ് വകുപ്പ് മന്ത്രിയേയും അറിയിക്കുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ഇത്തരം ചോദ്യങ്ങളെല്ലാം മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടതെന്നും അവർ പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മന്ത്രി അതൃപ്തിയോടാണ് പ്രതികരിച്ചത്. വിവാദങ്ങൾക്കല്ല, രക്ഷാപ്രവർത്തനത്തിനാണ് താൻ ഇപ്പോൾ മുൻതൂക്കം നൽകുന്നതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.