നിസാർ വധക്കേസ്: സി.പി.എമ്മിൽ പുനരന്വേഷണ ആവശ്യം
text_fieldsപാനൂർ: പേരാമ്പ്ര മുതുകാട് യൂനിറ്റ് ഡി.വൈ.എഫ്.ഐ ഭാരവാഹി നിസാർ പാനൂരിനടുത്ത വിളക്കോട്ടൂരിലെ ഒരു വീട്ടിലെ കോലായിൽ കൊലചെയ്യപ്പെട്ട സംഭവത്തിൽ സി.പി.എമ്മിൽ പുനരന്വേഷണ ആവശ്യമുയരുന്നു. കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട സി.പി.എം അനുഭാവികളുടെ വോയ്സ് ക്ലിപ്പുകൾ പുറത്തുവന്നതിനെ തുടർന്നാണിത്. പ്രതികളായിരുന്ന വളയം ചുഴലിയിലെ വടക്കയിൽ പറമ്പത്ത് എസ്. അശോകൻ, വിളക്കോട്ടൂരിലെ കൂട്ടായി രാജീവൻ എന്നിവരുടെ വോയ്സ് ക്ലിപ്പുകളാണ് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുന്നത്. 2000 ഏപ്രിൽ 23ന് പുലർച്ച 1.30ഓടെയാണ് പേരാമ്പ്ര മുതുകാട് എസ്റ്റേറ്റ് മുക്ക് സ്വദേശിയും വിളക്കോട്ടൂരിലെ പച്ചിലശേരി കുഞ്ഞമ്മദ് ഹാജിയുടെ വീട്ടിലെ ഡ്രൈവറുമായ നിസാർ, കുഞ്ഞമ്മദ് ഹാജിയുടെ വീട്ടുകോലായിൽ കൊല്ലപ്പെട്ടത്.
ഈ കൊലക്കേസിൽ സി.പി.എം പ്രവർത്തകരായ 10 പേർ പ്രതികളായെങ്കിലും മുഴുവൻ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൂത്തുപറമ്പിലെ ഉന്നതനായ സി.പി.എം നേതാവിനെ കാണാനെത്തിയ പൊയിലൂരിലെ ബി.ജെ.പി പ്രവർത്തകർ നിസാർ വധവുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലാണ് നിസാർ വധക്കേസിൽ പ്രതികളായിരുന്ന എസ്. അശോകന്റെയും കൂട്ടായി രാജീവന്റെയും വിവാദമായ വോയിസ് ക്ലിപ്പിനാധാരം. പൊയിലൂർ കരിയാരിച്ചാലിൽ ക്വാറി സമരവുമായി ബന്ധപ്പെട്ട് ക്വാറി ഉടമ നൽകിയ കേസിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പൊയിലൂരിലെ ഏതാനും ബി.ജെ.പി പ്രവർത്തകർ സി.പി.എം നേതാവിനെ കാണാനെത്തിയത്.
സി.പി.എം പാർട്ടി ഗ്രൂപ്പിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് നിസാർ വധക്കേസിൽ പ്രതികളായ അശോകനും രാജീവനും നടത്തിയത്. ഈ കേസിലെ മുഴുവൻ പ്രതികളും നിരപരാധികളാണെന്നും യഥാർഥ പ്രതികളെ പിടികൂടാൻ നിസാർ വധക്കേസ് പുനരന്വേഷിക്കണമെന്നും ഇതിന് നേതൃത്വത്തിലെ ചിലർ തടസ്സം നിൽക്കുകയാണെന്നും വോയ്സ് ക്ലിപ്പിൽ പേരെടുത്ത് പറഞ്ഞ് പ്രതികൾ ആരോപിക്കുന്നു. വോയ്സ് ക്ലിപ്പ് പുറത്ത് വന്നയുടൻ സി.പി.എം പാനൂർ ഏരിയ കമ്മിറ്റി നിസാർ വധം പുനരന്വേഷണമാവശ്യപ്പെട്ട് പ്രമേയം പാസാക്കി ജില്ല കമ്മിറ്റിക്ക് നൽകി. ജില്ല സെക്രട്ടേറിയറ്റും ഈ പ്രമേയം അംഗീകരിച്ചു. നിസാർ കോഴിക്കോട് ജില്ലക്കാരനായതിനാൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് പ്രമേയം സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിക്ക് കൈമാറി.
എന്നാൽ അന്വേഷണം തടയാൻ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലയിലെ പ്രമുഖ നേതാവ് ഇടപെടുന്നതായി പ്രതികൾ വോയ്സ് ക്ലിപ്പിൽ ആരോപിക്കുന്നു. വിളക്കോട്ടൂരിലെ പ്രമുഖ ലീഗ് നേതാവുമായി കോഴിക്കോട് കുറ്റ്യാടിക്ക് സമീപം പ്രമുഖ വ്യവസായിയുടെ വീട്ടിൽവെച്ച് സി.പി.എം നേതാവ് കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം.
വിളക്കോട്ടൂരിലെ കണ്ണിപൊയിൽ റഷീദ് (24), പാറാട്ടെ പൊന്നത്ത് സുനിൽ (28), വളയം ചുഴലിയിലെ നരവുമ്മൽ ഹൗസിൽ റാവുത്തർ രാജൻ (41), വള്ള്യാട്ട് ഗോപാലകൃഷ്ണൻ (35), വടക്കയിൽ പറമ്പത്ത് എസ്. അശോകൻ (44), വിളക്കോട്ടൂരിലെ ചെറിയാണ്ടിയിൽ മായൻ ഹാജി (60), മകൻ ചെറിയാണ്ടിയിൽ അഷ്റഫ് (32), കൂട്ടായി രാജീവൻ (34), വിലങ്ങാട് കാഞ്ഞിരക്കണ്ടി കമ്പിളിപ്പാറ മുനീർ (33), പാക്കോയി വിനു (31) എന്നിവരായിരുന്നു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.