ദുരിതക്കയത്തിൽ അന്തർദേശീയ വീൽചെയർ ബാസ്കറ്റ്ബാൾ താരം
text_fieldsശ്രീകൃഷ്ണപുരം: ദുരിതങ്ങളുടെ നടുക്കയത്തിൽ ഉലയുകയാണ് അന്തർദേശീയ വീൽചെയർ ബാസ്കറ്റ്ബാൾ താരം നിഷ. സ്ഥിരവരുമാനമുള്ള ജോലിയും സ്വന്തമായൊരു വീടും സ്വപ്നംകണ്ട് കഴിയുകയാണ് ഇൗ പ്രതിഭ. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുന്നക്കാട് താഴേക്കോട് വീട്ടിൽ പരേതരായ ഗോപാലകൃഷ്ണെൻറയും സരോജിനിയുടെയും മകളായ നിഷക്ക് ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടതിൽ തുടങ്ങിയ ദുരിതം ഇനിയും വിട്ടകന്നിട്ടില്ല.
19ാം വയസ്സിൽ അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെ തളർന്നു. സാമ്പത്തിക പരാധീനത മൂലം എസ്.എസ്.എൽ.സി പരീക്ഷ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെയാണ് വീൽചെയർ ബാസ്കറ്റ്ബാളിനെ കുറിച്ച് നിഷ കേട്ടറിഞ്ഞത്. നിഷയുടെ താൽപര്യം മനസ്സിലാക്കിയ കോതമംഗലം എം.എസ്.ജെ സിസ്റ്റേഴ്സ് 2005ൽ നിഷയെ ഏറ്റെടുത്തു. ശാന്തിഗിരി കോളജിൽ ഓഫിസ് അസിസ്റ്റൻറായി ജോലിയും ഇതോടൊപ്പം നേടി. സ്വന്തം നിലയിൽ കമ്പ്യൂട്ടറും ഡി.ടി.പിയും പഠിച്ചു.
2014ൽ കോതമംഗലം എം.എ കോളജിൽ നടന്ന ത്രിദിന വീൽചെയർ ബാസ്കറ്റ്ബാൾ വർക്ക്ഷോപ്പാണ് നിഷയിലെ അന്തർദേശീയ കായികതാരത്തിെൻറ തുടക്കം. ചെന്നൈയിലും ഡൽഹിയിലും നടന്ന സംസ്ഥാനതല ടൂർണമെൻറിൽ കേരളത്തെ പ്രതിനിധീകരിച്ചു. 2017ൽ തായ്ലൻഡിലും ഇന്തോനേഷ്യയിലും നടന്ന അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു. തുടർന്നങ്ങോട്ട് നിഷക്ക് ശോഭിക്കാനായില്ല.
ജീവിതപ്രയാസങ്ങളും മികച്ച പരിശീലനം ലഭിക്കാത്തതുമാണ് ഈ കായികപ്രതിഭയെ തളർത്തിയത്. ജീവിക്കാൻ മാർഗമില്ലാത്ത ദയനീയാവസ്ഥയിലാണ് നിഷ ഇന്ന്. ജന്മനാട്ടിൽ സ്വന്തമായുള്ള സ്ഥലത്ത് കൊച്ചുവീട് വെച്ച് ബന്ധുക്കളോടൊപ്പം താമസിക്കാക്കാനാണാഗ്രഹം. പ്രാരബ്ധങ്ങൾക്കിടയിലും 2018ൽ ടോക്കിയോവിൽ നടക്കുന്ന അന്തർദേശീയ വീൽചെയർ ബാസ്കറ്റ്ബാൾ ടൂർണമെൻറിലേക്ക് രാജ്യത്തിന് വേണ്ടി കളിക്കാൻ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.