ഗോഡ്സെയെ പ്രകീർത്തിച്ച എൻ.ഐ.ടി പ്രഫസറെ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്തു
text_fieldsകോഴിക്കോട്: ഗാന്ധി ഘാതകൻ ഗോഡ്സെയെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ കമന്റിട്ട എൻ.ഐ.ടി പ്രഫസർ ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. കുന്ദമംഗലം പൊലിസ് ഇവരുടെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.
സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും എൻ.ഐ.ടി അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. പ്രഫസർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും മേധാവികളെ വഴിയിൽ തടയുന്നതടക്കമുള്ള സമരമാർഗങ്ങൾ സ്വീകരിക്കുമെന്നും വിവിധ രാഷ്ട്രീയ, യുവജന സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് പൊലീസിന്റെ നടപടി.
ഒരു മണിക്കൂറിലേറെ സമയം ഷൈജ ആണ്ടവനെ ചോദ്യം ചെയ്തു. കുന്ദമംഗലം സി.ഐയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. അടുത്ത ദിവസം വിശദമായ ചോദ്യം ചെയ്യലിന് കുന്ദമംഗലം സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയുടെ പരാതിയിൽ കലാപാഹ്വാനം അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സമൂഹമാധ്യമത്തിലെ കമന്റ് വിവാദമായശേഷം പ്രഫസർ ഷൈജ ആണ്ടവൻ സ്ഥാപനത്തിൽ ഹാജരായിട്ടില്ല. ഒരാഴ്ചയുള്ള അവധി പിന്നീട് നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.