എൻ.ഐ.ടി വികസിപ്പിച്ച വെൻറിലേറ്റർ: കെ.എസ്.ഡി.പി.എല്ലുമായി ധാരണപത്രം ഒപ്പുവെച്ചു
text_fieldsകോഴിക്കോട്: എൻ.ഐ.ടി കോഴിക്കോട് വികസിപ്പിച്ചെടുത്ത എമർജൻസി വെൻറിലേറ്ററിെൻറ സാങ്കേതികവിദ്യ കൈമാറുന്നതിനായി ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡുമായി (കെ.എസ്.ഡി.പി.എൽ) ധാരണപത്രം ഒപ്പുവെച്ചു. ഏറെ സംവിധാനവും സവിശേഷതയുള്ളതുമായ വെൻറിലേറ്ററാണ് എൻ.ഐ.ടി രൂപകൽപന ചെയ്തത്.
എമർജൻസി വെൻറിലേറ്ററിൽ ഉപയോഗിക്കുന്ന അംബു ബാഗ് സാധാരണയായി കൈകൊണ്ടാണ് പ്രവർത്തിക്കുന്നത്. എന്നാൽ, അംബു ബാഗിെൻറ പ്രവർത്തനം വാഹനങ്ങളുടെ വൈപ്പർ മോട്ടോർ ഡ്രൈവ് വഴി യാന്ത്രികമാക്കിയാണ് എൻ.ഐ.ടി വെൻറിലേറ്റർ വികസിപ്പിച്ചെടുത്തത്. ഡിസ്പ്ലേ പാനലിലെ കീകൾ ക്രമീകരിച്ച് രോഗികളുടെ അവസ്ഥ പരിശോധിച്ച ശേഷം ഡോക്ടർമാർക്ക് മിനിറ്റിൽ ശ്വസനം ഡിജിറ്റലായി സജ്ജമാക്കാൻ ഇതിൽ കഴിയും. മർദം സജ്ജീകരിക്കുന്നതിന് ഒരു പി.ഇ.പി വാൽവും നൽകിയിട്ടുണ്ട്.
ശ്വസിക്കുന്ന വായു അണുമുക്തമാക്കുന്നതിനും ഇതിൽ സംവിധാനമുണ്ട്. അണുനാശിനി വീണ്ടും ഉപയോഗിക്കാനും കഴിയുന്നതിനാൽ കൃത്രിമ ശ്വസനയന്ത്രത്തിെൻറ പ്രവർത്തന ചെലവ് കുറക്കാനും സഹായിക്കും.
അംഗീകാരത്തിനുശേഷം കെ.എസ്.ഡി.പി.എൽ എമർജൻസി വെൻറിലേറ്ററിെൻറ വാണിജ്യ നിർമാണം ഏറ്റെടുക്കും. ജൂലൈ 15നകം എൻ.ഐ.ടി പൂർണ രൂപകൽപനയും നൽകും.
എൻ.ഐ.ടിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തി, ഡീൻ ഡോ. അശോക്, ഡോ. എം.വി.എൽ.ആർ. അഞ്ജനേയുലു, ഡോ. കെ. ചന്ദ്രശേഖരൻ, ഡോ. ജീവമ്മ ജേക്കബ്, ഡോ.വി. സജിത്, കെ.എസ്.ഡി.പി.എൽ ചെയർമാൻ സി.വി. ചന്ദ്രബാബു, മാനേജിങ് ഡയറക്ടർ എസ്. ശ്യാമള, ടി. നവീൻകുമാർ, ടി.എൽ. മോഹൻദാസ്, ടീം അംഗങ്ങളായ അരുൺ കുമാർ, കെ.ആർ. ആനന്ദൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.