അഗ്നിരക്ഷാസേന തുണച്ചു; നിവേദ്യ അച്ഛനെ കണ്ടു
text_fieldsകണ്ണൂർ: ഒന്നരവര്‍ഷത്തിനുശേഷം വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടും നിവേദ്യ എന്ന എട്ടുവയസ്സുകാരി പിതാവിനെ കാണാന്‍ കാത്തിരുന്നത് രണ്ടു മാസത്തോളം. കോഴിക്കോട് വിമാനത്താവളത്തില്‍ പിതാവിനെ സ്വീകരിക്കാന്‍ പോയ മാതാവും ലോക്ഡൗണില്‍ കുടുങ്ങി. കോവിഡ് ഭീതിയില്‍ ജീവിതത്തിെൻറ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയ അനേകം പേരില്‍ കാസര്‍കോട് കമ്പല്ലൂരിലെ പ്രവീഷും കുടുംബവും ഉള്‍പ്പെടും. ലോക്ഡൗണ്‍ കാരണം വ്യത്യസ്ത ജില്ലകളിലായ ഇവരുടെ കൂടിച്ചേരലിന് അവസരമൊരുക്കിയതാകട്ടെ അഗ്നിരക്ഷാസേനയും. കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി പ്രദേശമായ കമ്പല്ലൂരിലാണ് നിവേദ്യയുടെ മാതാവ് സൗമ്യയുടെ വീട്. നിവേദ്യയും സൗമ്യയും അവിടെയാണ് താമസം. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് പ്രവീഷ്. ബഹ്ൈറനില്‍ ജോലിചെയ്യുന്ന പ്രവീഷ് മാര്‍ച്ച് 17ന് കോഴിക്കോട് വിമാനമിറങ്ങി.
ഭര്‍ത്താവിനെ സ്വീകരിക്കാന്‍ സൗമ്യ കോഴിക്കോട് പോയി. വിദേശത്തുനിന്ന് നാട്ടിലെത്തിയാല്‍ ക്വാറൻറീനില്‍ കഴിയണമെന്ന നിർദേശം ആരോഗ്യവകുപ്പില്‍നിന്നു നേരേത്ത സൗമ്യക്ക് ലഭിച്ചിരുന്നു. അതിനാല്‍ സൗമ്യ മകളെ മാതാപിതാക്കളെ ഏൽപിച്ചു. പേരാമ്പ്രയിലുള്ള വീട്ടില്‍ സൗമ്യയും പ്രവീഷും ക്വാറൻറീനില്‍ കഴിഞ്ഞു. അതിനിടെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു. ആദ്യം 14 ദിവസം ക്വാറൻറീനില്‍ കഴിയണമെന്നതായിരുന്നു നിർദേശം. പിന്നീട് 28 ദിവസവമായി. ക്വാറൻറീന് കഴിഞ്ഞിട്ടും പുതുക്കിയ ലോക്ഡൗണ്‍ കാരണം മകളെ പേരാമ്പ്രയിലേക്ക് കൂട്ടിക്കൊണ്ടുവരാനോ കമ്പല്ലൂരിലേക്ക് തിരിച്ചുപോകാനോ സാധിച്ചില്ല. കോഴിക്കോട് കലക്ടറെ ബന്ധപ്പെട്ടപ്പോള്‍ യാത്ര സാധ്യമല്ലെന്ന് അറിയിച്ചു. എന്നാല്‍, കുട്ടിയെ കൊണ്ടുവരാൻ അനുമതി നല്കി. അങ്ങനെയാണ് മകളെ കൊണ്ടുവരാൻ പ്രവീഷ് ഫയര്‍ ആൻഡ് റെസ്ക്യൂ സേനയുടെ സഹായം തേടുന്നത്.
പെരിങ്ങോം അഗ്നിരക്ഷാസേനയെയാണ് ഇതിനായി ബന്ധപ്പെട്ടത്. പെരിങ്ങോം സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ കെ. എം. രാജേഷിെൻറ നേതൃത്വത്തില്‍ പുലർച്ച 2.15ന് കുട്ടിയെ കമ്പല്ലൂരിലെ വീട്ടില്‍നിന്ന് പയ്യന്നൂരില്‍ എത്തിച്ചു. തിരുവനന്തപുരത്തുനിന്ന് കാസര്‍കോേട്ടക്ക് റീജനല്‍ കാന്‍സര്‍ സെൻററിലെ രോഗിക്ക് മരുന്നുമായി എത്തിയ ചെങ്കല്‍ച്ചൂള അഗ്നിരക്ഷാസേനയുടെ വാഹനം തിരിച്ച് തിരുവനന്തപുരത്തേക്ക് പോവുന്നുണ്ടായിരുന്നു. പയ്യന്നൂരില്‍നിന്ന് കുട്ടിയെ ആ വാഹനത്തില്‍ കൊയിലാണ്ടിയില്‍ എത്തിച്ചു. അവര്‍ എത്തുന്ന സമയത്ത് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫിസര്‍ ആനന്ദന് വാഹനവുമായി തയാറായിരുന്നു. അവിടെനിന്നു പേരാമ്പ്രയിലുള്ള വീട്ടിലേക്ക്. ജീവന് രക്ഷിക്കാന്‍ മാത്രമല്ല പ്രിയപ്പെട്ടവരെ ഒരുമിപ്പിക്കുന്നതിനും ഈ കോവിഡ്കാലത്ത് അഗ്നിരക്ഷാസേന തിരക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.