കർഷകക്ഷേമ ബോർഡ് ബിൽ അടുത്ത സമ്മേളനത്തിൽ
text_fieldsതിരുവനന്തപുരം: കർഷകർക്ക് ക്ഷേമപെൻഷനുകൾ യഥാസമയം നൽകുന്നതിന് ക്ഷേമബോർഡ് രൂപവത്കരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. കെ. കൃഷ്ണൻകുട്ടി കൊണ്ടുവന്ന കേരള സംസ്ഥാന കർഷകക്ഷേമ ബോർഡ് രൂപവത്കരണ ബില്ലിെൻറ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കരട്ബിൽ തയാറായിട്ടുണ്ട്. അടുത്ത സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഭക്ഷ്യപദാർഥങ്ങളിലെ മായം ചേർക്കൽ, അളവുതൂക്കത്തിലെ തട്ടിപ്പ്, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന 2017ലെ കേരള ക്രിമിനൽ നിയമ (ഭേദഗതി) ബില്ലിന് എൻ. ഷംസുദ്ദീനും നിയമസഭയിൽ അവതരണാനുമതി തേടി. ശിക്ഷ വർധിപ്പിക്കുക വഴി ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് ഷംസുദ്ദീൻ പറഞ്ഞു. ക്രിമിനൽ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കേരളത്തിൽ മാത്രമായി മാറ്റം വരുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ വ്യവസായമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. നിയമ പരിഷ്കരണത്തിന് കമീഷനെ നിയോഗിച്ച സാഹചര്യവും ചൂണ്ടിക്കാട്ടിയ മന്ത്രി, ഷംസുദ്ദീെൻറ ആവശ്യം നിരാകരിച്ചു.
കേരള സംസ്ഥാന പ്രാദേശിക പത്ര-ദൃശ്യ മാധ്യമ രംഗത്ത് ജോലികൾ ചെയ്യുന്നവർക്കുള്ള ക്ഷേമനിധി ബില്ലിന് കെ. രാജനും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകൾ ഏകോപിപ്പിക്കുന്നതിനുള്ള അപ്പെക്സ് കൗൺസിൽ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ബി. സത്യനും കാൽനട യാത്രക്കാർക്കാരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപവത്കരണ ബില്ലിന് പി.ടി. തോമസും അവതരണാനുമതി തേടി. ഇൗ ബില്ലുകളും സർക്കാർ നിരാകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.