സ്പീക്കർക്കെതിരായ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി
text_fieldsതിരുവനന്തപുരം: പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തിന് സഭയിൽ ഭൂരിപക്ഷം കിട്ടാത്തതിനാൽ തള്ളി. ആരോപണ വിധേയനായ സ്പീക്കർ തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി.
വളരെ അപൂർവമായാണ് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുള്ളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇതിന് മുന്നോടിയായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്പീക്കർ വി.ശശിയാണ് സഭ നിയന്ത്രിച്ചത്.
എം. ഉമ്മർ എം.എൽ.എയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കേണ്ടി വന്നത് ദൗർഭാഗ്യകരണമാണെന്ന് പറഞ്ഞാണ് ഉമ്മർ എം.എൽ.എ പ്രമേയം തുടങ്ങിയത്. അതേസമയം, ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രമേയം രാഷ്ട്രീയപ്രേരിതമോ വ്യക്തിപരമോ അല്ലെന്നും സഭയുടെ അന്തസ്സിടിച്ച സ്പീക്കറെ നീക്കണമെന്നും എം. ഉമ്മർ പറഞ്ഞു.
വസ്തുതകളുടെ പിൻബലമില്ലാത്ത പ്രമേയമാണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷത്തിന്‍റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. സംശയത്തിന്‍റെ പൊടി പോലും അവശേഷിക്കരുതെന്ന് ഭരണപക്ഷത്തിന് നിർബന്ധമുള്ളതുകൊണ്ടാണ് പ്രമേയത്തിന് അവതരണാനുമതി ലഭിച്ചതെന്ന് എസ്. ശർമ്മ പറഞ്ഞു.
ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പ്രമേയ അവതരണത്തെ പിന്തുണച്ചു.
പ്രമേയം തള്ളണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടു. തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ സ്പീക്കർ തയാറാകാത്തതിൽ പ്ര തിഷേധിച്ച് സഭ വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയായിരുന്നു. ഉടനെ പ്രതിപക്ഷാംഗങ്ങൾ ചെന്നിത്തലയുടെ നേതൃത്വത്തിൽ സഭവിട്ടിറങ്ങി. പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തിന് സഭയിൽ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തള്ളുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.