ഞെളിയൻ പറമ്പ്: 12 വർഷം കഴിഞ്ഞിട്ടും മലിന ജല ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചില്ലെന്ന് സി.എ.ജി
text_fieldsകോഴിക്കോട്: ഞെളിയൻ പറമ്പിലെ കമ്പോസ്റ്റ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലീച്ചേറ്റിന്റെ (മാലിന്യത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകം) അംശം കിണർ വെള്ളത്തിന്റെ കുടിവെള്ളക്ഷമത കുറക്കുമെന്ന് സി.എ.ജി റിപ്പോർട്ട്. 2022 മാർച്ചിൽ സംയുക്ത ഭൗതിക പരിശോധന നടത്തിയപ്പോൾ കമ്പോസ്റ്റ് പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ലീച്ചേറ്റ് മഴവെള്ളവുമായി കലർന്ന് അടുത്തുള്ള ഓടകളിലേക്ക് ഒഴുകുന്നതായി ഓഡിറ്റ് കണ്ടെത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലപരിശോധന നടത്തി ശുദ്ധീകരിക്കാത്ത ലീച്ചേറ്റ് മഴവെള്ളത്തിൽ കലർന്ന് സമീപത്തെ ഓവുകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകുന്നതായി റിപ്പോർട്ട് ചെയ്തു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രദേശത്തെ കിണർ വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. ലീച്ചേറ്റിന്റെ അംശം കിണർ വെള്ളത്തിന്റെ കുടിവെള്ളക്ഷമത കുറയ്ക്കുന്നതായി കണ്ടെത്തി. 2010 മാർച്ചിൽ സി.എ.ജിയുടെ റിപ്പോർട്ടിൽ ഞെളിയൻപറമ്പിൽ ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാൻറ് സ്ഥാപിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, 12 വർഷം കഴിഞ്ഞിട്ടും സ്ഥിതിക്ക് മാറ്റമില്ലെന്നാണ് റിപ്പോർട്ട് അടിവരയിടുന്നത്. കോഴിക്കോട് കോർപറേഷനിൽ പ്രതിദിനം 75 ക്യൂബിക് മീറ്റർ ശേഷിയുള്ള ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണത്തിന് കെ.എസ്ഡിപി, അയോണെക്സ് എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പ്രോജക്ട് മാനേജരുമായി 2015 ജനുവരിയിൽ കരാർ ഒപ്പിട്ടു.
കെ.എസ്.പി.സി.ബി റീജിയണൽ ഓഫീസിലെ ചീഫ് എൻവയോൺമെന്റൽ എഞ്ചിനീയർ 2016 ഒക്ടോബറിൽ കോഴിക്കോട് സംസ്കരണ പ്ലാന്റ് പരിശോധിച്ചിരുന്നു. ഒഴുക്ക് അളക്കുന്നതിനുള്ള മെജസ്റ്റിക് ഫ്ലോ മീറ്റർ സ്ഥാപിച്ചിട്ടില്ലെന്നും വായുരഹിത റിയാക്ടർ വായുസഞ്ചാരമുള്ള അവസ്ഥയിലാണെന്നും ചെളി ഉണക്കുന്നതിനുള്ള ബഡുകൾ നിർമിച്ചിട്ടില്ലെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. കോർപറേഷൻ പ്ലാന്റിനുവേണ്ടി 54.96 ലക്ഷം ചെലവഴിച്ചെങ്കിലും കമീഷൻ ചെയ്തില്ല. കരാറിൽ വ്യക്തമാക്കിയ ജോലികൾ പൂർത്തിയാക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടതിനാൽ, പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകിയില്ല.
കാര്യക്ഷമതയില്ലായ്മയും പ്രവർത്തനക്ഷമമല്ലാത്ത യന്ത്രസാമഗ്രികളും കാരണം വിൻഡോ കമ്പോസ്റ്റിൽ തള്ളുന്ന ജൈവമാലിന്യങ്ങളുടെ സംസ്കരണം കുറയുകയും കമ്പോസ്റ്റ് ഉൽപാദനം പ്രതിദിനം ഏഴ് ടണ്ണായി കുറയുകയും ചെയ്തു. ലീച്ചേറ്റ് സംസ്കരണ പ്ലാന്റ് പ്രവർത്തിക്കാത്തത് സംബന്ധിച്ച് കരാറുകാരനെതിരെ കോർപറേഷൻ നിയമനടപടി ആരംഭിച്ചതായി അറിയിച്ചു. ഞെളിയൻപറമ്പിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇത് പൂർത്തിയാകുന്നതോടെ ലീച്ചേറ്റ് ഒഴുക്ക്, മേഖലയിലെ ജലഗുണനിലവാരം തുടങ്ങിയ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അറിയിച്ചു.
പരിശോധനയിൽ മാലിന്യ സംസ്കരണത്തിലെ നിരവധി പോരായ്മകളാണ് കണ്ടെത്തിയത്. 2017-2021 കാലയളവിൽ, പ്ലാന്റിൽ എത്തിയ 84317.70 മെട്രിക് ടൺ മാലിന്യത്തിൽ നിന്നും മൊത്തം കമ്പോസ്റ്റ് ഉൽപാദനം 5233. 17 മെട്രിക് ടൺ (6.2 ശതമാനം) ആണ്. 2016ലെ മുനിസിപ്പൽ ഖരമാലിന്യ പരിപാലന മാനുവൽ പ്രകാരം ഒരു വിൻഡ്രോ കംപോസ്റ്റ് പ്ലാന്റിന് ജൈവ ഖരമാലിന്യ നിക്ഷേപത്തിന് 18-20 ശതമാനം വരെയും മിശ്രിത മാലിന്യ നിക്ഷേപത്തിന് 10-15 ശതമാനം വരെയുമുള്ള സംസ്കരണശേഷിയാണ്.
കമ്പോസ്റ്റ് ഉൽപാദനം 15 ശതമാനമെന്ന് കണക്കാക്കിയാൽ, സംസ്കരിച്ച മൊത്തം ജൈവമാലിന്യം 34887.73 മെട്രിക് ടൺ ആയിരിക്കും. ഈ കണക്ക് പ്രകാരം പ്ലാന്റിലേക്ക് കൊണ്ടുവരുന്ന മാലിന്യത്തിന്റെ 41 ശതമാനം മാത്രമാണ് സംസ്കരിച്ചിരുന്നത്. സംസ്കരണം കുറഞ്ഞതിന്റെ ഫലമായി മിച്ചം വന്ന 3,000 മെട്രിക് ടൺ മാലിന്യം സംസ്കരണസ്ഥലത്ത് കുമിഞ്ഞുകൂടി. മാലിന്യ സംസ്കരണം കുറവായതിനാൽ 2019-20-ലും 2020-21-ലും കമ്പോസ്റ്റ് വിൽപനയിൽ 48.69 ലക്ഷത്തിന്റെ ഏകദേശ വരുമാനനഷ്ടമുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.