എൻ.കെ. പ്രേമചന്ദ്രനും കെ.കെ. രാഗേഷിനും സൻസദ് രത്ന പുരസ്കാരം
text_fieldsന്യൂഡല്‍ഹി: എൻ.കെ. പ്രേമചന്ദ്രൻ എം.പിക്കും മുൻ രാജ്യസഭ അംഗം കെ.കെ. രാഗേഷിനും മികച്ച പാര്‍ലമെന്‍റ് സാമാജികര്‍ക്കുള്ള 2022ലെ സന്‍സദ് രത്ന പുരസ്കാരം. എട്ടു ലോക്സഭ അംഗങ്ങളും മൂന്ന് രാജ്യസഭ അംഗങ്ങളുമാണ് പുരസ്കാരത്തിന് അർഹരായത്. എൻ.കെ. പ്രേമചന്ദ്രന് സൻസദ് വിശിഷ്ട രത്‌ന പുരസ്‌കാരവും കെ.കെ. രാഗേഷിന് വിരമിച്ച പാര്‍ലമെന്‍റ് സാമാജികരിലെ മികച്ച അംഗത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.
എൻ.സി.പി നേതാവ് സുപ്രിയ സുലെയും വിശിഷ്ട രത്‌ന പുരസ്‌കാരത്തിന് അർഹയായി. കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി, തമിഴ്നാട് ബി.ജെ.പി നേതാവ് എച്ച്.വി. ഹാൻഡെ എന്നിവരെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിനും തിരഞ്ഞെടുത്തു. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്‍റെ നിര്‍ദേശം അനുസരിച്ച് 2010ലാണ് മികച്ച പാര്‍ലമെന്‍റ് സാമാജികരെ ആദരിക്കുന്നതിനുള്ള സന്‍സദ് രത്ന പുരസ്‌കാരം ആരംഭിച്ചത്.
പാര്‍ലമെന്‍റ് നടപടിക്രമങ്ങള്‍ വിശദമായി നിരീക്ഷിക്കുകയും റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയും ചെയ്യുന്ന പി.ആർ.എസ് ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ കെ. ശ്രീനിവാസന്‍ എന്നിവരുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.