മുല്ലപ്പെരിയാറിൽ തമിഴ്നാടുമായി രഹസ്യധാരണയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി; മന്ത്രിയുടെ കീഴടങ്ങൽ ദയനീയം
text_fieldsതൊടുപുഴ: തമിഴ്നാടുമായി അവിഹിതമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നിൽ പോയി ഞങ്ങൾ എന്ത് ചെയ്യുമെന്ന് ഒരു മന്ത്രി വിലപിക്കുന്ന ദയനീയ അവസ്ഥയാണ്. കേരളത്തിന്‍റെ ചരിത്രത്തിൽ മുമ്പ് ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ലജ്ജ തോന്നുന്നു. കേരളത്തിന്‍റെ ചരിത്രത്തിലില്ലാത്ത ദയനീയമായ കീഴടങ്ങലാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പോവുകയാണ് വേണ്ടത്.
എന്തിന് വേണ്ടിയാണ് സർക്കാർ കീഴടങ്ങുന്നത്. തമിഴ്നാടുമായി എന്തെങ്കിലുമൊരു സംഘർഷത്തിലേർപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഒരുക്കണം. തമിഴ്നാടുമായി വളരെ നല്ല സൗഹൃദാന്തരീക്ഷമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി എന്തേ മൗനം പാലിക്കുന്നു.
സംസ്ഥാന സർക്കാറിന് ശക്തമായ നിർദേശം നൽകാൻ കഴിയണം. മേൽനോട്ടസമിതിയിലെ കേരളത്തിന്‍റെ പ്രതിനിധി എന്താണ് ചെയ്യുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് കേരളത്തിന് നടപടി സ്വീകരിക്കാനാകും. അത് സ്വീകരിക്കാതെ തമിഴ്നാടിന് മുന്നിൽ കേരളം ഭയന്നുവിറച്ച് നിൽക്കുകയാണ്. മറ്റേതെങ്കിലും സംസ്ഥാനത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണ് മേഖലയിലെ ജനങ്ങൾക്കെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.