Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ചോദ്യം ചോദിച്ച ഞാനാണോ...

'ചോദ്യം ചോദിച്ച ഞാനാണോ തെറ്റുകാരൻ'; ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എൻ.കെ. പ്രേമചന്ദ്രൻ

text_fields
bookmark_border
nk premachandran kn balagopal 89
cancel

താൻ ലോക്സഭയിൽ ഉന്നയിച്ച ചോദ്യവുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. അന്തർ സംസ്ഥാന വിൽപ്പനയിൽ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് താൻ ലോക്സഭയിൽ ഉന്നയിച്ചത്. എന്നാൽ ജി.എസ്.ടി കോമ്പൻസേഷൻ കേരളത്തിന്‌ ലഭിക്കുന്നില്ല എന്ന വിഷയമാണ് താൻ ഉന്നയിച്ചത് എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനമന്ത്രി നടത്തുന്നത് - എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.

സംസ്ഥാനത്തിന് അർഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് താൻ സഭയിൽ നടത്തിയത്. സി.പി.എമ്മും സർക്കാറും ഇന്നലെ വരെ ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പാർലമെൻറിലൂടെ കൊണ്ടുവന്ന ചോദ്യകർത്താവായ ഞാനാണോ തെറ്റുകാരൻ? കേരളത്തിന് അർഹമായ വിഹിതം നേടിയെടുക്കുന്നതിൽ ശക്തമായ ഇടപെടൽ എം.പി എന്ന നിലയിൽ ഇനിയും തുടരും -എൻ.കെ. പ്രേമചന്ദ്രൻ എം.പി വ്യക്തമാക്കി.

എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഫേസ്ബുക് പോസ്റ്റ്

സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടി.

ഐ ജി എസ് ടി, അഥവാ അന്തർ സംസ്ഥാന വിൽപ്പനയിൽ ഈടാക്കുന്ന നികുതി സംബന്ധിച്ച ചോദ്യമാണ് ഇന്ന് ലോകസഭയിൽ ഞാൻ ഉന്നയിച്ചത്. എന്നാൽ ജി എസ് ടി കോമ്പൻസേഷൻ കേരളത്തിന്‌ ലഭിക്കുന്നില്ല എന്ന വിഷയമാണ് ഞാൻ ഉന്നയിച്ചതു എന്ന തെറ്റായ കാര്യം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നടത്തുന്നത്.

ഞാൻ ഇന്ന് ലോകസഭയിൽ ഉന്നയിച്ച ചോദ്യം വളരെ വ്യക്തമായിരുന്നു.

കേരളത്തിന്‌ ഐ ജി എസ് ടി ഇനത്തിൽ 5000 കോടി രൂപ വരെ പ്രതിവർഷം നഷ്ടമാകുന്നു എന്ന എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശമായി കേരളത്തിലെ പ്രധാന മാധ്യമം 2023 ഫെബ്രുവരി 6 നു റിപ്പോർട്ട്‌ ചെയ്തിരുന്നു.

കേന്ദ്രം സംസ്ഥാനങ്ങൾക്കായി ഐ ജി എസ് ടി നൽകുന്നതിൽ വിവേചനം കാണിക്കുന്നു എന്ന് സർക്കാരിന്റെ തന്നെ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. 2021 ൽ നടത്തിയ ജി എസ് ടി സംബന്ധിച്ച പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ ഇതാണ്.

The major issue, however, is with the sharing of IGST which is to be shared between the Centre and the states through the clearing house mechanism to be facilitated by the GSTN.

ഇതോടൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷൻ അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റ് പൂർണമായും നൽകാതെ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുന്നു എന്ന് സി പി. എം എം എൽ എ മാരടക്കം നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. സമീപ ദിവസങ്ങളിലെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാന വാർത്തകൾ തന്നെ സംസ്ഥാനത്തിന് അർഹതപ്പെട്ട ജി എസ് ടി വിഹിതം നൽകുന്നതിൽ ഗുരുതരമായ വിവേചനം കേന്ദ്രം കാണിക്കുന്നുവെന്നും സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു.

ഈ രണ്ടു കാര്യത്തിൽ വ്യക്തത വരുത്തി സംസ്ഥാനത്തിനു അർഹമായ തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് ഞാൻ ഇന്ന് സഭയിൽ നടത്തിയത്.

ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട തുക ലഭ്യമാകുന്നില്ല എന്നത് വസ്തുതയാണ്. സംസ്ഥാനങ്ങളിൽ നടക്കുന്ന നോൺ ഐ ടി സി (Non Input tax credit) അടക്കമുള്ള അന്തർ സംസ്ഥാന വിൽപ്പനകളിൽ കൃത്യമായി ഫയലിംഗ് നടന്നാൽ മാത്രമേ കേന്ദ്ര സർക്കാർ ഐ ജി എസ് ടി പൂളിൽ നിന്നും സംസ്ഥാനത്തിന് അർഹമായ തുക ലഭിക്കുകയുള്ളു എന്നതാണ് വസ്തുത. ഇതുകൊണ്ട് തന്നെയാണ് ഐ ജി എസ് ടി പൂളിൽ തുക അവശേഷിക്കുന്നതും അത് "ad hoc settlement" ആയി സംസ്ഥാനങ്ങൾക്ക് വീതം വച്ചു നൽകുന്നതും. ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും കേരളത്തിനടക്കം ലഭിക്കേണ്ട കോടി കണക്കിന് രൂപ നഷ്ടമാകുന്നു എന്നതാണ് വസ്തുത. ഇതിനുള്ള ഒരു പരിഹാരം അന്തർ സംസ്ഥാന ചരക്ക് നീക്കങ്ങളുടെ E-WAY Bill പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. കഴിഞ്ഞ ആറു വർഷമായി ഫലപ്രദമായി ഈ ജോലി നിർവഹിക്കാൻ സംസ്ഥാന സർക്കാരിന് ആയില്ല എന്ന് യാഥാർത്ഥ്യം തിരിച്ചറിയണം. ഇതിലേക്കായി ആറുകോടി രൂപ മുടക്കി സ്ഥാപിച്ച ANPR ക്യാമറകൾ പ്രവർത്തനക്ഷമം അല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു.

ഈ പശ്ചാത്തലത്തിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമായാണ് കേന്ദ്ര ധനകാര്യ മന്ത്രി കേരളം 2017 മുതൽ അഞ്ചു വർഷമായി എ ജി സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ടുകൾ നൽകുന്നില്ല എന്ന് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനങ്ങൾക്ക് ജി എസ് ടി കോമ്പൻസേഷൻ ലഭിക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പിക്കണമെന്ന വിഷയം ഇന്നത്തെ മൂല ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയിൽ സ്പഷ്ടമായി വ്യക്തമാക്കിയതാണ്.അതിനുശേഷമുള്ള എന്റെ ഉപചോദ്യത്തിനാണ് സംസ്ഥാന ഗവൺമെന്റിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രി സഭയിൽ മറുപടി പറഞ്ഞത്.

14 ശതമാനത്തിൽ താഴെ നികുതി വളർച്ച കൈവരിക്കാത്ത സാഹചര്യത്തിൽ 14 ശതമാനം വരെ നികുതി വളർച്ച നേടാനാണ് ജി എസ് ടി കോമ്പൻസേഷൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നത്.സംസ്ഥാനത്തെ ജി എസ് ടി വളർച്ച നിരക്ക് 20 ശതമാനത്തിൽ കൂടുതലാണ് എന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ 14 ശതമാനം വരെ നഷ്ടപരിഹാരം നൽകുന്ന ജി എസ് ടി കോമ്പൻസേഷൻ ഇപ്പോൾ അവശ്യപ്പെടുന്നതിലെ അപ്രായോഗികത

കൂടി നമ്മൾ ചിന്തിക്കണം. ഒരു കൺസ്യൂമർ സ്റ്റേറ്റ് ആയ കേരളത്തിനു ഏറ്റവും അനുയോജ്യമായ ജി എസ് റ്റിയിൽ നമുക്ക് 30 ശതമാനം വരെ വളർച്ച നേടാൻ സാധിക്കും എന്നതാണ് വസ്തുത.മുൻ ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കും ഇതേ അഭിപ്രായം നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ കേരളം ഇതിൽ പൂർണമായും പരാജയപ്പെട്ടു.ഇതിനായി ഓഡിറ്റ്, എൻഫോഴ്സ്‌മെന്റ്, ഇന്റലിജൻസ് അടക്കമുള്ളവ ശക്തമാക്കാൻ സർക്കാർ തയ്യാറാകണം.

സംസ്ഥാന ധനമന്ത്രിയോട് വ്യക്തതക്കായി .....?

1.ഐ ജി എസ് ടി (സംയോജിത ചരക്ക് സേവന നികുതി) ഇനത്തിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതി ലഭ്യമായിട്ടുണ്ടോ ?

2 ലഭ്യമായിട്ടില്ലെങ്കിൽ കാരണമെന്ത് ?

3.അഞ്ചുവർഷത്തെ എ ജി അറ്റസ്റ്റഡ് ഓഡിറ്റ് സ്റ്റേറ്റ്മെൻറ് സർക്കാർ നൽകിയിട്ടുണ്ടോ? ഇല്ലെങ്കിൽ കാലതാമസത്തിനുള്ള കാരണമെന്ത് ?

4.ഐ ജി എസ് ടി ഇനത്തിൽ സംസ്ഥാന സർക്കാറിന് പ്രതിവർഷം 5000 കോടി രൂപയടെ ധനനഷ്ടം പ്രതിവർഷം ഉണ്ടായിട്ടുണ്ടെന്ന് എക്സ്പെന്റീച്ചർ റിവ്യൂ കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ആ റിപ്പോർട്ട് നിയമസഭയിൽ ഹാജരാക്കാത്തതിന് കാരണമെന്ത്?

ഈ ചോദ്യങ്ങൾക്കാണ് കേന്ദ്ര ധന മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ധനമന്ത്രി പ്രതികരിക്കേണ്ടത്. അതിനുപകരം സിപിഎമ്മും ഗവൺമെൻറും ഇന്നലെ വരെ കേന്ദ്രസർക്കാരിനെതിര ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പാർലമെൻറിലൂടെ കൊണ്ടുവന്ന ചോദ്യകർത്താവായ ഞാനാണോ തെറ്റുകാരൻ .....?

കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിനു അർഹമായ വിഹിതം നേടിയെടുക്കുന്നതിൽ ശക്തമായ ഇടപെടൽ എം പി എന്ന നിലയിൽ ഇനിയും തുടരും...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GSTNK PremachandranKN Balagopalan
News Summary - NK Premachandrans reply to kn balagopal
Next Story