തെറ്റുകൾ തിരുത്തി മുന്നോട്ടു പോകണം; എസ്.എഫ്.ഐയെ വലതുപക്ഷത്തിന് കൊത്തിവലിച്ച് രുചിക്കാൻ എറിഞ്ഞു കൊടുക്കില്ല- ബിനോയ് വിശ്വത്തിന് മറുപടിയുമായി എൻ.എൻ. കൃഷ്ണദാസ്
text_fieldsതിരുവനന്തപുരം: എസ്.എഫ്.ഐയെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്. ഏതൊരു പ്രസ്ഥാനത്തെയും പോലെ എസ്.എഫ്.ഐയിലും തിരുത്തേണ്ട പിശകുകൾ സ്വാഭാവികമായും സംഭവിക്കും. അത് തിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടത്. എസ്.എഫ്.ഐ വെറുതെ ഉണ്ടായ സംഘടനയല്ല. ആ പ്രസ്ഥാനത്തെ വലതുപക്ഷത്തിന് കൊത്തിവലിച്ച് രുചിക്കാൻ എറിഞ്ഞു കൊടുക്കില്ലെന്നും കൃഷ്ണദാസ് ഫേസ്ബുക്കിൽ കുറിച്ചു.
എസ്.എഫ്.ഐക്കെതിരെ ഉയരുന്ന ക്രിയാത്മക വിമർശനങ്ങൾ സ്വാഗതം ചെയ്യുമ്പോൾ അതിൽ ഒളിപ്പിച്ച വിഷം പുരട്ടിയ കൊലക്കത്തി തിരിച്ചറിയുകയും ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.
കൗമാര-യൗവനാരംഭ പ്രായത്തിലുള്ളവരുടെ വലിയൊരു പ്രസ്ഥാനം പുതിയ സാഹചര്യത്തിൽ മുന്നോട്ടു പോകുമ്പോൾ തിരുത്തപ്പെടേണ്ട പിശകുകൾ സംഭവിച്ചെന്നിരിക്കാം. കമ്മ്യൂണിസ്റ്റ് രീതിയിൽ പിശകുകൾ തിരുത്തുന്ന രീതി സഖാവ് ബിനോയ് വിശ്വത്തിനു അറിയാത്തതാണോ? ലോക നിലവാരത്തിൽ കമ്മ്യൂണിസം പഠിക്കാൻ അവസരംലഭിച്ച സഖാവല്ലേ? ഇടത് പക്ഷത്തിന്റെ ജീവൻ മുഴുവൻ ഊറ്റിയെടുക്കുന്നതുവരെ വിശ്രമമില്ല എന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന തീവ്ര വലതുപക്ഷ മാധ്യമങ്ങളെ ഉപയോഗിച്ചാണോ തെറ്റുകൾ തിരുത്താൻ കമ്മ്യൂണിസ്റ്റുകാർ മുതിരേണ്ടത്? നമ്മുടെ ഒരു ചെറു ചലനം പോലും പൊതുവായി ഇടത് പക്ഷത്തെ തകർക്കാനുള്ള ആയുധമാക്കുകയാണ് ഇവിടത്തെ വലത് പക്ഷം എന്നത് സഖാവിന് അറിയാത്തതാണോയെന്നും കൃഷ്ണദാസ് ചോദിച്ചു.
കേരളത്തിൽ എത്ര വലിയ ത്യാഗങ്ങൾ സഹിച്ചു വളർന്ന വിദ്യാർഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐ. ഒരു പ്രസ്ഥാനവും അതിലണി നിരന്നിരിക്കുന്നവരുടെ മാത്രം നേട്ടത്തിനല്ല, സമൂഹത്തിന്റെ ആകെ നന്മക്കായിട്ടാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴും കേരളത്തിലെ കോളേജ് ക്യാമ്പസുകൾ ഉത്തരേന്ത്യയിലെ പോലെ മത - ജാതി - വർഗീയ വിഭജനത്തിലെത്താതെ സംരക്ഷിച്ചു നിർത്തുന്നതിൽ എസ്.എഫ്.ഐ നിർവഹിച്ചു കൊണ്ടിരിക്കുന്ന ഒട്ടും ചെറുതല്ലാത്ത പങ്ക് അന്ധമായ ഇടത് വിരുദ്ധർക്ക് മാത്രമേ നിഷേധിക്കാനാവൂ. ആ കൂട്ടത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ഒരിക്കലും ഉണ്ടാവില്ലെന്നറിയാം. എസ്.എഫ്.ഐ ആയി എന്ന ഒറ്റക്കാരണത്താൽ കുരുന്നു പ്രായത്തിൽ ജീവൻ നൽകേണ്ടി വന്നവർ എത്രയാണെന്ന് സഖാവിനറിയുമോ? അത്തരത്തിൽ കൊല്ലപ്പെട്ട ഏതെങ്കിലും ഒരു സഖാവിന്റെ മൃതദേഹത്തിൽ ഒരു തുള്ളി കണ്ണീരും, ഒരു പിടി ചോരപ്പൂക്കളുമായി എത്തിയിട്ടുള്ളവർക്കേ അതറിയൂ എന്നും കൃഷ്ണദാസ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.