ഇസ്മാഈലിനെതിരെ നടപടിയില്ല; പാര്‍ട്ടിക്ക് വിധേയനാകണമെന്ന് ഡി. രാജ
text_fieldsതിരുവനന്തപുരം: സമാന്തര പ്രവർത്തനം നടത്തിയെന്ന ആരോപണത്തിൽ മുതിർന്നനേതാവ് കെ.ഇ. ഇസ്മാഈലിനെതിരെ സി.പി.ഐയിൽ നടപടിയില്ല. സംസ്ഥാന കൗൺസിലിൽ പാലക്കാട് നിന്നുള്ള അംഗങ്ങൾ കടുത്ത വിയോജിപ്പുയർത്തുകയും അടിയന്തര എക്സിക്യൂട്ടിവ് യോഗമടക്കം ചേരേണ്ടിവരികയും ചെയ്തെങ്കിലും മുതിർന്ന അംഗമെന്ന പരിഗണനയിൽ തൽക്കാലം നടപടി വേണ്ടെന്നാണ് പാർട്ടി തീരുമാനം.
അതേസമയം ഇസ്മാഈല്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്ന് ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി. നിലവിൽ പാലക്കാട് ജില്ല കൗണ്‍സിലില്‍ ക്ഷണിതാവാണ് ഇസ്മാഈൽ. തന്നെ ഉപരിഘടകവുമായി ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇസ്മാഈൽ കേന്ദ്ര നേതൃത്വത്തിന് നൽകിയിരുന്നു. നിലവിലെ ഘടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നാണ് മറുപടിയായി ഡി. രാജ വിശദീകരിച്ചത്. പാർട്ടിയുമായി ഇസ്മാഈൽ ഒത്തുപോകണമെന്നും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഇടകൊടുക്കരുതെന്നും ബിനോയ് വിശ്വവും ചൂണ്ടിക്കാട്ടി. ഇതോടെ ഇസ്മാഈലിനെതിരെ കടുത്ത നടപടി വേണമെന്ന പാലക്കാട് ജില്ല ഘടകത്തിന്റെ ആവശ്യം സംസ്ഥാന കൗണ്‍സിലും തള്ളി. പരസ്യമായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പോയാല്‍ മാത്രം നടപടി ആലോചിച്ചാല്‍ മതിയെന്നാണ് ധാരണ.
ജില്ല നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച് പ്രവർത്തനമാരംഭിച്ച സേവ് സി.പി.ഐ ഫോറവുമായി സഹകരിച്ചു എന്നതാണ് ഇസ്മാഈലിനെതിരായ ആരോപണം. കഴിഞ്ഞ സംസ്ഥാന കൗൺസിൽ ഇസ്മാഈലിന് നോട്ടീസ് നൽകിയിരുന്നു. ദേശീയ എക്സിക്യൂട്ടിവ് വിഷയത്തിൽ ഇടപെടുകയും നടപടി ഒഴിവാക്കുകയും ചെയ്തു. ഇതാണ് വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന കൗൺസിലിൽ പാലക്കാട് ഘടകത്തിന്റെ വിമർശനത്തിനിടയാക്കിയത്.
പിന്നാലെ ഡി. രാജയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച ചേർന്ന അടിയന്തര എക്സിക്യൂട്ടിവ് യോഗമാണ് നടപടി വേണ്ടെന്ന ധാരണയിലെത്തിയത്.
ബിനോയ് വിശ്വത്തിന്റെ താക്കീത്; ഒരു സെക്രട്ടറി മതി
തിരുവനന്തപുരം: പാർട്ടിയിലുയർന്ന ബദൽ ശബ്ദങ്ങൾക്കെതിരെ കനത്ത താക്കീതുമായി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘പാർട്ടിയിൽ പല സെക്രട്ടറിമാര്‍ വേണ്ട. ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കിൽ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കിൽ അയാൾ’ - സംസ്ഥാന കൗൺസിൽ ചർച്ചകൾക്ക് മറുപടി പറയവെയായിരുന്നു താക്കീതിന്റെ സ്വരത്തിലുള്ള ബിനോയ് വിശ്വത്തിന്റെ പരാമർശം.
ആർ.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ ചുമതലയിൽനിന്ന് നീക്കിയതിലൂടെ സി.പി.ഐ പറഞ്ഞ കാര്യങ്ങൾ അംഗീകരിച്ചുവെന്ന് പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിൽ ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാന വിഷയങ്ങളിൽ ആനി രാജ അഭിപ്രായം പറയുമ്പോൾ സംസ്ഥാന സെന്ററുമായി ആലോചിക്കണമെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.