വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടെന്ന്; ഹരിത വിവാദത്തിൽ കാലിക്കറ്റിലെ എം.എസ്.എഫ് കമ്മിറ്റി രാജിവെച്ചു
text_fieldsകോഴിക്കോട്: ആരോപണ വിധേയരായ നേതൃത്വത്തിനെതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് കാലിക്കറ്റ് സർവകലാശാല കാമ്പസ് യൂനിറ്റ് ഭാരവാഹികൾ രാജിവെച്ചു.
എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസ് ഉൾപെടെയുള്ളവരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ കുറിച്ച് പരാതി ഉന്നയിച്ചതിന്‍റെ പേരിൽ 'ഹരിത'ക്കെതിരെ നടപടിയെടുത്ത സംഭവത്തിന് പിന്നാലെയാണ് രാജി.
നേതാക്കൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ വിദ്യാർഥികളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി രാജിവെച്ചു. ഈ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാൻ പ്രയാസമുള്ളതിനാൽ കമ്മിറ്റിയിലെ മുഴുവൻ ഭാരവാഹികളും രാജിവെക്കുന്നതായി അധ്യക്ഷൻ അഡ്വ. വി. അനസും കെ.സി. അസറുദ്ധീനും അറിയിച്ചു.
എം.എസ്.എഫിന്‍റെ വനിത വിഭാഗമായ ഹരിതയോട് മുസ്ലിം ലീഗ് നീതി കാണിച്ചില്ലെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. പെൺകുട്ടികളുടെ ശബ്ദമാണ് ഹരിതയെന്നും ഫാത്തിമ തഹ്ലിയ കൂട്ടിച്ചേർത്തു.
എം.എസ്.എഫിന്‍റെ 11 ജില്ലാ കമ്മിറ്റികൾ പി.കെ.നവാസിനെതിരെ രംഗത്തെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. നവാസിനെ മാറ്റിനിർത്തണമെന്നാണ് കമ്മിറ്റികളുടെ ആവശ്യം. എന്നാൽ, കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.