ഉപജീവനമാർഗം നശിപ്പിച്ചിട്ടും നടപടിയില്ല; വന്യജീവികൾക്ക് നടുവിൽ നാട്ടുകാർ, കാഴ്ചക്കാരായി വനപാലകർ
text_fieldsകുമളി: കാടിറങ്ങിയെത്തുന്ന വന്യജീവികൾ നാട്ടുകാരുടെ ഉപജീവന മാർഗമായ വളർത്തുമൃഗങ്ങളെ നിരന്തരം കൊന്നൊടുക്കിയിട്ടും നടപടിയൊന്നും ഇല്ലാതായത് വലിയ ആശങ്കക്കും പ്രതിഷേധത്തിനും ഇടയാക്കുന്നു.
വണ്ടിപ്പെരിയാർ, വള്ളക്കടവ്, മാട്ടുപ്പെട്ടി, തങ്കമല, സത്രം, മൗണ്ട് പ്രദേശങ്ങളിലാണ് കടുവ, പുലി, കരടി എന്നിവ പതിവായി എത്തുന്നത്. മൂന്ന് മാസങ്ങൾക്കിടെ ഈ ഭാഗത്തെ പത്തിലധികം വളർത്തുമൃഗങ്ങളെയാണ് കടുവ, പുലി എന്നിവ പിടികൂടി ഭക്ഷണമാക്കിയത്. മിക്കവളർത്തുമൃഗങ്ങളും അരലക്ഷം രൂപവരെ വിലമതിക്കുന്നതാണ്. എന്നാൽ, ഇവക്കൊന്നും ഒരുരൂപ പോലും നഷ്ടപരിഹാരമായി ഉടമകൾക്ക് ലഭിച്ചിട്ടില്ല.
പെരിയാർ കടുവ സങ്കേതത്തിൽനിന്നാണ് വണ്ടിപ്പെരിയാർ വള്ളക്കടവ്, മാട്ടുപ്പെട്ടി മേഖലയിൽ പതിവായി കടുവ ഇറങ്ങുന്നത്. വനമേഖലയോട് ചേർന്ന തേയില തോട്ടങ്ങളായതിനാൽ ഇവക്കുള്ളിലേക്ക് കടുവ, പുലി എന്നിവക്ക് എത്താനും ഇരപിടിക്കാൻ പതുങ്ങിക്കഴിയാനും സ്ഥലങ്ങൾ ധാരാളമാണ്.
വള്ളക്കടവ് മുതൽ സത്രം വരെ എട്ടു കിലോമീറ്ററോളം വരുന്ന വനമേഖലയിലെ മിക്കഭാഗം വഴിയും കടുവ, പുലി എന്നിവക്ക് പുറമെ കരടിയും തേയിലത്തോട്ടത്തിലേക്കും ജനവാസ മേഖലകളിലേക്കും എത്തുന്നുണ്ട്. വന്യജീവികൾ വനമേഖലക്ക് പുറത്തിറങ്ങി പോകാതിരിക്കാൻ വൈദ്യുതി വേലി, കിടങ്ങ് എന്നിവയെല്ലാം നിർമിക്കാൻ വനം വകുപ്പ് തുക ചെലവാക്കാറുണ്ടെങ്കിലും പണം ഉദ്യോഗസ്ഥരുടെ പോക്കറ്റിലേക്കാണ് പോകാറുള്ളതെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തൊന്നും വൈദ്യുതി വേലികളോ കിടങ്ങുകളോ ഇല്ലാത്തത് ഇതിന്റെ തെളിവായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.കാടിറങ്ങി കടുവയും പുലിയും കരടിയുമെല്ലാം തേയിത്തോട്ടത്തിലും കൃഷിയിടങ്ങളിലും എത്തിയതോടെ തങ്കമല ആറാം നമ്പർ പുതുവലിലെ കോളനി താമസക്കാർ വലിയ ഭീതിയിലായി.
30ഓളം കുടുംബമാണ് ഇവിടെയുള്ളത്. വന്യജീവികളെ ഭയന്ന് കൃഷിയിടത്തിലേക്ക് പോകാനോ കുട്ടികളെ സ്കൂളിലേക്ക് അയക്കാനോ കഴിയുന്നില്ലന്ന് നാട്ടുകാർ പറയുന്നു.വളർത്തുമൃഗങ്ങളെ വന്യജീവികൾ പിടികൂടുന്നത് സംബന്ധിച്ച് പരാതികൾ ശക്തമായതോടെ പ്രദേശത്ത് വനപാലകരെത്തി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തിയിരുന്നു.
ഇതിൽ ഒന്നിലധികം കടുവകൾ ഈ പ്രദേശത്ത് എത്തുന്നതായി കണ്ടെത്തിയെങ്കിലും നടപടിയില്ല.കെണിയൊരുക്കി കടുവകളെ പിടികൂടി കാട്ടിൽ തുറന്നുവിട്ടാലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് തന്നെ മടങ്ങി വരുമെന്നാണ് വനപാലകർ പറയുന്നത്. പ്രശ്നത്തിൽ ശാശ്വതപരിഹാരം ഇല്ലാതായതോടെ മേഖലയിലെ ജനജീവിതം പ്രതിസന്ധിയിലായി.
ആനശല്യം: പ്ലാക്കത്തടം കോളനിയിൽ സൗരോർജ വേലി സ്ഥാപിക്കാൻ നടപടി
പീരുമേട്: പ്ലാക്കത്തടം ഗിരിവർഗ്ഗ കോളനിയിൽ ആനശല്യം തടയാൻ സൗരോർജ വേലി നിർമിക്കാൻ വനം വകുപ്പ് നടപടിയായി. വനാതിർത്തിയിലാണ് ഹാങ്ങിങ് ഫെൻസിങ് നിർമിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായെന്നും നിർമാണം ഉടനെ ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതർ പഞ്ചായത്ത്തല ജാഗ്രത സമിതി യോഗത്തിൽ വനം വകുപ്പ് അധികൃതർ അറിയിച്ചു.
11 വർഷമായി ആനശല്യം രൂക്ഷമാണ് കോളനിയിൽ. വൻ കൃഷി നാശമാണ് കാട്ടാനക്കൂട്ടം വരുത്തിവെക്കുന്നത്. പ്ലാക്കത്തടത്തിനൊപ്പം പഞ്ചായത്തിലെ മറ്റ് മേഖലകളായ കല്ലാർ, പീരുമേട്, തോട്ടാപ്പുര, കച്ചേരിക്കുന്ന്, കരണ്ടകപ്പാറ, കുട്ടിക്കാനം തുടങ്ങിയ മേഖലകളിൽ ശല്യം രൂക്ഷമാണ്. വനാതിർത്തി പങ്കിടുന്ന ഈ മേഖലകളിൽ സൗരോർജ വേലി നിർമിക്കാൻ സാമ്പത്തിക ചിലവ് അധികമാണ്.
ഇതിന് ഫണ്ട് കണ്ടെത്തുന്നതിനും വന്യമൃഗ ശല്യം തടയുന്നതിന് കേന്ദ്ര സർക്കാർ സഹായം ലഭ്യമാക്കുന്നതിന് എം.പിയുടെ സഹായം തേടാനും വികസന സമിതി യോഗത്തിൽ എം.പി- എം.എൽ.എ എന്നിവരെ പങ്കെടുപ്പിച്ച് നിർദ്ദേശങ്ങൾ ആരായാനും യോഗം തീരുമാനിച്ചു.
ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം മുൻകാലങ്ങളിൽ മഴ ആരംഭിക്കുമ്പോൾ വനത്തിലേക്ക് മടങ്ങുകയും വേനൽക്കാലത്ത് തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ വേനൽക്കാലത്ത് ജനവാസമേഖലയിൽ ഇറങ്ങിയ ആനക്കൂട്ടങ്ങൾ തിരിച്ച് മടങ്ങുന്നുന്നില്ല. വനത്തിൽ നിന്ന് ആനക്കൂട്ടം ജനവാസമേഖലയിൽ ഇറങ്ങുന്ന കല്ലാർ മുതൽ വളഞ്ചാങ്കാനം വരെ വനാതിർത്തിയിൽ സൗരോർജ വേലി നിർമിക്കേണ്ടതുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ. രാജീവ്, പഞ്ചായത്ത് അംഗം തോമസ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.