മാലിന്യം തോട്ടിൽ തള്ളുന്ന കമ്പനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന്; പൊലീസ് സ്റ്റേഷന് മുന്നിൽ പശുവുമയെത്തി ക്ഷീരകർഷകൻ
text_fieldsഅങ്കമാലി: മാലിന്യം തോട്ടിൽ തള്ളുന്ന കമ്പനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ പശുവിനെയും കൂട്ടി ക്ഷീരകർഷകന്‍റെ വേറിട്ട പ്രതിഷേധം. അങ്കമാലി നഗരസഭ ചെമ്പന്നൂർ സൗത്ത് വാർഡിലെ ക്ഷീര കർഷകനായ റിൻസ് ജോസാണ് അങ്കമാലി പട്ടണമധ്യത്തിലെ പൊലീസ് സ്റ്റേഷന് മുന്നിൽ താൻ വളർത്തുന്ന പശുവിനോടൊപ്പമെത്തി പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. മാതൃക കർഷകനുള്ള അവാർഡ് നേടിയിട്ടുള്ള സമ്മിശ്ര കർഷകനാണ് റിൻസ്. ചെമ്പന്നൂർ വ്യവസായ മേഖലയിലാണ് താമസം. വീടിന് സമീപത്തെ കമ്പനിയിൽ നിന്ന് മാലിന്യമൊഴുക്കുന്നുവെന്നാരോപിച്ച് ഏറെ നാളായി റിൻസ് ജില്ല കലക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ്, പൊലീസ്, നഗരസഭ അടക്കമുള്ള അധികാരികൾക്ക് പരാതി നൽകി വരുകയാണ്. അതിനിടെ പാടത്ത് കെട്ടിയിരുന്ന റിൻസിന്‍റെ പോത്ത് കിടാവ് കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ചത്തു. പാമ്പ് കടിയേറ്റാണ് ചത്തതെന്നായിരുന്നു കരുതിയത്. എന്നാൽ തോട്ടിൽ ഒഴുകിയ വിഷ രാസ മാലിന്യം കലർന്ന വെള്ളം കുടിച്ചാണ് പോത്തിൻകുട്ടി ചത്തതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.
അതോടെ റിൻസ് എട്ടോളം പോത്ത് കിടാക്കളെ കമ്പനിയുടെ അധീനതയിലുള്ള പാടത്ത് വളർത്തൽ ആരംഭിച്ചു. മാസങ്ങൾ പിന്നിട്ടതോടെ സമീപവാസികൾക്ക് മൃഗങ്ങളുടെ ചാണകവും, മൂത്രവും ദുരിതമായി മാറി. അതോടെ ഇതു സംബന്ധമായി സമീപവാസികൾ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്ത് അന്വേഷണത്തിനെത്തി. ഈ സമയം സ്ത്രീകൾ അടക്കമുള്ളവർ പരാതി പറയുന്ന ദൃശ്യം റിൻസ് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് പറയുന്നത്. പൊലീസ് താക്കീത് നൽകിയെങ്കിലും അത് ലംഘിച്ച് സമീപവാസികളായ പെൺകുട്ടികൾ ഉൾപ്പെടുന്നതടക്കമുള്ള വീഡിയോ പകർത്തിയതോടെ പൊലീസ് ബൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങുകയായിരുന്നുവത്രെ.
എന്നാൽ പൊലീസ് സന്ദർശിച്ചതിന്‍റെ തെളിവ് ശേഖരിക്കുന്നതിന് വേണ്ടിയാണ് വീഡിയോ എടുത്തതെന്നും ഏറെ നാളായി കമ്പനിക്കെതിരെ പരാതി നൽകി വരുന്നുണ്ടെങ്കിലും ക്ഷീര കർഷകനായ തന്‍റെ പരാതിക്ക് പരിഹാരമുണ്ടായിട്ടില്ലെന്നാണ് റിൻസിന്‍റെ ആരോപണം. തനിക്കെതിരെ പരാതി ഉന്നയിച്ചാൽ പൊലീസ് അതിവേഗം നടപടിയെടക്കുന്നുണ്ടെന്നും അതാണ് പ്രതിഷേധത്തിന് തുനിഞ്ഞതെന്നും റിൻസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രശ്നത്തിൽ പലതവണ ഇടപെട്ട് പരിഹാരമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴും കമ്പനി അധികൃതരെ വിളിച്ചുവരുത്തുകയും പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പ് നൽകിയതായും പൊലീസ് പറയുന്നു. എന്നാൽ പ്രദേശത്ത് മാലിന്യമൊഴുക്കുന്ന കമ്പനിക്കെതിരെ നടപടിയെടുക്കുന്നത് വരെയും, പോത്തിൻകുട്ടി ചത്തതിന് നഷ്ടപരിഹാരം കിട്ടുന്നത് വരെയും പ്രതിഷേധങ്ങളും, നിയമനടപടികളും സ്വീകരിക്കുമെന്നാണ് റിൻസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.