പരാതികളിൽ നടപടിയില്ല; വനംവകുപ്പിൽ ആദിവാസികളുടെ പേരിൽ ഫണ്ട് തട്ടിപ്പ്
text_fieldsതിരുവനന്തപുരം: വനത്തിെൻറയും വനവാസികളുടെയും പേരിൽ വനംവകുപ്പിൽ ആദിവാസിക്ഷേമ ഫണ്ടുകളിൽ വ്യാപക തട്ടിപ്പ്. ആദിവാസികളുടെ സാമൂഹിക ദൗർബല്യങ്ങൾ ചൂഷണംചെയ്താണ് ചില ഉദ്യോഗസ്ഥർ തട്ടിപ്പ് നടത്തുന്നതെന്നാണ് ആരോപണം. വനസംരക്ഷണ സമിതി (വി.എസ്.എസ്) അറിയാതെ തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിക്കാത്ത പരിപാടിയുടെ പേരിൽ വൻതുക എഴുതിയെടുത്തത് വിവാദമായി.
ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റി (ഇ.ഡി.സി) യിലും സ്ഥിതി ഇതുതന്നെ. ഇത്തരത്തിൽ സംസ്ഥാനത്ത് വിവിധ ആദിവാസി മേഖലകളിൽനിന്നായി വർഷാവർഷം ലക്ഷങ്ങൾ തട്ടുെന്നന്നാണ് വിവരം.
വനവും വനഭൂമിയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾക്കുള്ള സർക്കാർ ഫണ്ടുകൾ ചെലവിടുന്നത് ഇ.ഡി.സി വഴിയും വനംവകുപ്പിന് കീഴിലെ പ്രദേശങ്ങളിൽ വി.എസ്.എസ് വഴിയുമാണ്. അഴിമതിരഹിതമായി ഫണ്ട് കൈകാര്യം ചെയ്യാൻ വനവാസികളെയും വനംവകുപ്പിലെ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് കമ്മിറ്റികൾ രൂപവത്കരിച്ചത്.
പ്രസിഡൻറ് ഉൾെപ്പടെ അംഗങ്ങൾ വനവാസികളും സെക്രട്ടറി വനംവകുപ്പ് ഉദ്യോഗസ്ഥനുമാണ്. സെക്രട്ടറിയാണ് കമ്മിറ്റി സംബന്ധിച്ച ഫയലുകൾ തയാറാക്കുന്നതും റിപ്പോർട്ട് സമർപ്പിക്കുന്നതും. ഇവർ അഴിമതിക്ക് ചുക്കാൻപിടിക്കുന്നുവെന്നാണ് പരാതി.
കണക്കും വിവരങ്ങളും അധികം ഗ്രാഹ്യമില്ലാത്ത വനവാസികളെ ചൂഷണംചെയ്താണ് തട്ടിപ്പുകൾ കൊഴുക്കുന്നത്. വിതുര ഫോറസ്റ്റ് സെക്ഷൻ പരിധിയിൽ നടന്ന അഴിമതിയെക്കുറിച്ച് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡിന് രഹസ്യവിവരങ്ങളും പരാതികളും ലഭിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗ്രീൻഗ്രാസ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനത്തിൽ ചെലവായ തുകയുടെ ഇരട്ടിയിലധികമാണ് രേഖപ്പെടുത്തിയത്. ഇതിന് പ്രസിഡൻറിെൻറ വ്യാജ ഒപ്പിട്ടെന്നും ആരോപണമുണ്ട്. വാഹനവാടക, ബാനർ, ഉച്ചഭക്ഷണം, കുപ്പിവെള്ളം എന്നിവക്ക് പുറമെ അച്ചടിക്കാത്ത നോട്ടീസിനായി പോലും തുക എഴുതിയെടുത്തെന്നാണ് പരാതി. ഇത്തരം കമ്മിറ്റികളുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ വനവാസികളെ ചൂഷണം ചെയ്ത് പണം തട്ടുന്നുണ്ടെന്നും താൻ അറിയാതെയാണ് പല ബില്ലുകളിലും വ്യാജ ഒപ്പിട്ട് പണം തിരിമറി നടത്തിയതെന്നും വി.എസ്.എസ് മുൻ പ്രസിഡൻറ് പറഞ്ഞു. ഇതുവഴി സർക്കാർ ഖജനാവിനും ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.