ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നടപടിയില്ലെന്ന്; 17ന് ഡോക്ടർമാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്
text_fieldsകൊച്ചി: സർക്കാർ-സ്വകാര്യ മേഖലയിലെ ഡോക്ടർമാർ മാർച്ച് 17ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ഭാരവാഹികൾ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിലും സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചുമാണ് സമരം. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ജോലിയിൽനിന്ന് വിട്ടുനിൽക്കുക. ഈ സമയത്ത് ഒ.പി വിഭാഗം പ്രവർത്തിക്കില്ല. അടിയന്തര ശസ്ത്രക്രിയകൾ, അത്യാഹിത വിഭാഗം, ഐ.സി.യു എന്നിവയുടെ പ്രവർത്തനം തടസ്സപ്പെടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഫാത്തിമ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്ദമംഗലം പുതിയക്കൽ ഹാജിറ നജയുടെ കുഞ്ഞ് ശസ്ത്രക്രിയക്കിടെ മരിച്ചിരുന്നു. തുടർന്ന് ഇവരുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചെന്നാണ് പരാതി. ഹോസ്പിറ്റലിലെ മുതിർന്ന കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് (59) മർദനമേറ്റത്. ഡോക്ടറുടെ മുൻനിരയിലെ പല്ലുകൾ ഇളകിയതായും മൂക്കിന്റെ എല്ല് പൊട്ടിയതായും വായിൽനിന്നും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടായി ബോധം പോയതായും അധികൃതർ അറിയിച്ചിരുന്നു.
സംഭവത്തിൽ നടക്കാവ് പൊലീസ് ആറുപേർക്കെതിരെ കേസെടുത്തിരുന്നു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ നരഹത്യശ്രമം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർ പിന്നീട് പൊലീസിൽ കീഴടങ്ങിയിരുന്നു.
അതേസമയം, ആശുപത്രിയിലെ അനിഷ്ട സംഭവങ്ങളിൽ ഡോക്ടർമാക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.എ. റഹീം എം.എൽ.എ ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. കുന്നമംഗലം സ്വദേശിയായ യുവതിയുടെ കുട്ടി മരിച്ച സംഭവത്തിൽ ആക്ഷൻ കമ്മിറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നിൽ സമരം നടത്തിയിരുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇക്കാര്യത്തിൽ മന്ത്രി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.