'വി.വി.െഎ.പി സുരക്ഷ പ്രധാനം'; മിവ ജോളിയെ അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ നടപടിയില്ല
text_fieldsകൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു പ്രവർത്തക മിവ ജോളിയെ പുരുഷ പൊലീസ് അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാർക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനം. കളമശേരി സി.െഎയുടേത് സ്വാഭാവിക നടപടി മാത്രമാണെന്നും വി.െഎ.പി സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കൊച്ചി സിറ്റി പൊലീസ് വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മിവ ജോളിയെ പൊലീസ് ബലമായി കോളറിൽ പിടിച്ച് നീക്കം ചെയ്തത്.
ഇൗ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ഡി.സി.പി തൃക്കാക്കര എ.സി.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. വി.വി.ഐ.പിയുടെ വാഹനം കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടപടിയെടുക്കമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. പ്രതിഷേധം തടയുന്നതിന് പൊലീസിനൊപ്പം വനിതാ പൊലീസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെന്നും പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിക്കുകയും തല്ലുകയും ചെയ്യുകയായിരുന്നുവെന്നുമാണ് മിവയുടെ ആരോപണം. പുരുഷ പൊലീസ് ദേഹത്ത് പിടിച്ച് വലിച്ചുവെന്നും പോടീ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തുവെന്നും മിവ പറഞ്ഞിരുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും പൊലീസ് കമ്മീഷണർക്കും മിവ നേരത്തെ പരാതിയും നൽകി. അതേസമയം, മിവയെ ആൺകുട്ടിയാണെന്നോ പെൺകുട്ടിയാണെന്നോ തിരിച്ചറിയാതെയാണ് കോളറിൽ കയറിപിടിച്ചതെന്നായിരുന്നു പൊലീസ് വാദം. മിവ ജോളിയെ അറസ്റ്റ് ചെയ്ത് വാഹനത്തിലേക്ക് കയറ്റുമ്പോൾ കളമശ്ശേരി സി.ഐ ബലാൽക്കാരമായി തല പിടിച്ചു താഴ്ത്തുകയും അകത്തേക്ക് കയറിയ മിവയെ വീണ്ടും മർദിക്കുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
മിവ ജോളിയെ പൊലീസുകാർ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിരിന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിനെതിരെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.