ആനമല ജങ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റ് പൂട്ടാൻ നടപടിയില്ല; ഹൈകോടതി ഉത്തരവിന് പുല്ലുവില
text_fieldsചാലക്കുടി: ചാലക്കുടി ആനമല ജങ്ഷനിലെ ബിവറേജ് ഔട്ട്ലെറ്റിന്റെ പ്രവർത്തനം ഹൈകോടതി ഉത്തരവിന്റെ ലംഘനമെന്ന് ആരോപണം. ചാലക്കുടിയിലെ പ്രധാന റോഡിൽ അനാവശ്യമായി ഗതാഗതക്കുരുക്കുണ്ടാക്കുന്നതും ജനവാസ മേഖലയിൽ സ്വൈര്യ ജീവിതം നഷ്ടപ്പെടുത്തുന്നതുമായ ഔട്ട്ലെറ്റ് ഡിസംബർ 20 മുതൽ പ്രവർത്തനം നിർത്തുകയോ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ വേണമെന്നായിരുന്നു കഴിഞ്ഞ നാലിലെ ഹൈകോടതി ഉത്തരവ്. എന്നാൽ കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് ഔട്ട്ലെറ്റ് പ്രവർത്തനം തുടരുകയാണ്.
സൗത്ത് ജങ്ഷനിൽ വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്ന മദ്യവിൽപനശാല ജനങ്ങളുടെ പരാതിയും പ്രതിഷേധങ്ങളും കാരണം ചാലക്കുടി മാർക്കറ്റിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇത് മാർക്കറ്റിൽ അനാവശ്യ തിരക്ക് സൃഷ്ടിച്ചതോടെയാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത്. എന്നാൽ ജനവാസ മേഖലയിൽ സമാധാനം നഷ്ടപ്പെടുത്തുന്നുവെന്ന് വീണ്ടും പരാതി ഉയർന്നു.
എതാനും ദിവസം മുൻപ് മദ്യലഹരിയിൽ ഇവിടെ മുൻ വനം ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതോടെ ജനങ്ങളുടെ പ്രതിഷേധം പൂർവാധികം ശക്തമായിട്ടുണ്ട്. കൊലപാതക സംഭവത്തിന് മുൻപാണ് ഹൈകോടതി ഔട്ട്ലെറ്റ് നിർത്താൻ ഉത്തരവിട്ടത്. എന്നാൽ നഗരസഭയോ എക്സൈസ് വിഭാഗമോ ഇതിന് വേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
20ന് രാത്രി 9.30ഓടെ മദ്യവിൽപന ശാല പ്രവർത്തനം അവസാനിപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ചാലക്കുടി റസിഡന്റ് അസോസിയേഷൻ കോഓഡിനേഷൻ ട്രസ്റ്റ് ഭരണസമിതി യോഗം നഗരസഭ സെക്രട്ടറിയോടും എക്സൈസ് അധികാരികളോടും ആവശ്യപ്പെട്ടു. ഇനിയും നടപടി കൈക്കൊള്ളാത്ത പക്ഷം ബന്ധപ്പെട്ട അധികാരികൾക്കെതിരെ നിയമ നടപടിയാരംഭിക്കുമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.