എത്ര വെള്ളപൂശിയാലും ആർ.എസ്.എസിനെ വെളുപ്പിച്ചെടുക്കാനാവില്ല -ഐ.എൻ.എൽ
text_fieldsകോഴിക്കോട്: ആര് എത്ര വെള്ള പൂശിയാലും ആർ.എസ്.എസിനെ വെളുപ്പിച്ചെടുക്കാൻ ആവില്ലെന്നും നാസിസം, ഫാഷിസം, സയനിസം പോലെ തന്നെ മനുഷ്യകുലത്തിന് വെല്ലുവിളി ഉയർത്തുന്ന പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസിന്റെതെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. അതുകൊണ്ടാണ് ഇടത് മതേതര ചേരി ആർ.എസ്.എസിനോടും അതിൻറെ രാഷ്ട്രീയ പ്രതിനിധാനമായ ബി.ജെ.പിയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത്.
1925ൽ സംഘടന രൂപീകൃതമായതിന്റെ പിറ്റേന്ന് മുതൽ രാജ്യത്ത് ഉടലെടുത്ത സർവ സാമൂഹിക സംഘർഷങ്ങൾക്കും കൂട്ട കൊലപാതകങ്ങൾക്കും പിന്നിൽ ആർ.എസ്.എസിന്റെ കൈയുണ്ട്. വിഭജനാനന്തരം പൊട്ടിപ്പുറപ്പെട്ട വർഗീയ വിസ്ഫോടനങ്ങൾക്ക് നേതൃത്വം കൊടുത്തത് കാവിധ്വജ വാഹകരാണ്. മതമൈത്രി സ്വപ്നം കണ്ട മഹാത്മജിയുടെ കഥകഴിച്ച നാഥുറാം ഗോദ്സെയുടെ പ്രചോദനം ആർ.എസ്.എസിന്റെ ചിന്താധാരയാണ്. ബാബറി മസ്ജിദിന്റെ ധ്വംസനമടക്കം സ്വതന്ത്ര ഇന്ത്യയിൽ വർഗീയ കാലുഷ്യം കൊണ്ട് നിറച്ചത് മറ്റാരുമല്ല. അതുകൊണ്ടാണ് രണ്ടു തവണ രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന ആർ.എസ്.എസ് സംഘടന നിരോധിക്കപ്പെട്ടത്.
തലശ്ശേരിയിലെ കലാപമടക്കം രാജ്യത്ത് ഉണ്ടായ മുഴുവൻ മുസ് ലിം വിരുദ്ധ പൊട്ടിത്തെറികൾക്ക് പിന്നിലും ആർ.എസ്എസിന്റെ കരങ്ങളുണ്ട്. സർക്കാർ ജീവനക്കാർ ആർ.എസ്.എസിൽ പ്രവർത്തിക്കാൻ പാടില്ല എന്ന നിഷ്കർഷ അടുത്തകാലം വരെ നിലനിന്നത് ആരും മറക്കണ്ട. ഗുജറാത്തിലും മണിപ്പൂരിലും ഡൽഹിയിലും ന്യൂനപക്ഷങ്ങൾക്കെതിരെ അതിഭയാനകമായ വംശഹത്യകൾ നടപ്പിലാക്കിയ സവർക്കാറുടെയും എം.എസ് ഗോൾവാൾക്കാറുടെയും വിചാരസന്തതികളെ അകറ്റിനിർത്തി ഒറ്റപ്പെടുത്തുക എന്നത് മതേതര ശക്തികളുടെ ബാധ്യതയാണ്. ഈ വിഷയത്തിൽ കോൺഗ്രസിൽ നിന്നും മുസ് ലിംലീഗിൽ നിന്നും ആത്മാർഥമായ ഒരു നീക്കവും ആരും പ്രതീക്ഷിക്കുന്നില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.