മുന്നാക്ക സംവരണത്തിൽ നിന്ന് പിന്നോട്ടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണഘടനയുടെ 103ാം ഭേദഗതിയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകള് ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട സംവരണം അട്ടിമറിക്കുന്ന വിധം സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സാമ്പത്തിക സംവരണത്തിെൻറ മറവില്‍ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍, സര്‍ക്കാർ എടുത്ത സംവരണ നിലപാടില്‍ മാറ്റമില്ലെന്നും അര്‍ഹർക്ക് സംവരണ ആനുകൂല്യങ്ങളില്‍ നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്നാക്ക സംവരണം നടപ്പാക്കിയതോടെ വിദ്യാഭ്യാസ-ഉദ്യോഗ മേഖലയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്കുണ്ടായ നഷ്ടം കണക്കുകള്‍ സഹിതം നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സുപ്രീം കോടതിയിലും കേരള ഹൈകോടതിയിലും കേസ് നിലനില്‍ക്കെ, ധിറുതിപിടിച്ച് തീരുമാനമെടുക്കരുതെന്നും എടുത്ത നടപടികള്‍ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നരേന്ദ്രന് കമീഷനും പാലോളി കമീഷനും നിർദേശിച്ച ബാക്ക് ലോഗ് നികത്തുക, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച ആശങ്ക അറിയിച്ചു. കോവിഡ് കാരണം മരിക്കുന്നവരുടെ മൃതദേഹത്തിൽ മതനിയമങ്ങള്‍ അനുസരിച്ച് കര്‍മങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടും മന്ത്രി കെ.കെ. ശൈലജയോടും ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ മന്ത്രി കെ.ടി. ജലീല്‍, സമസ്ത സംവരണ സംരക്ഷണ സമിതി ചെയര്മാന് ഡോ. എന്‍.എ.എം. ഖാദര്‍, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.