ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. ശക്തമായ അഭിപ്രായ പ്രകടനത്തോടെയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു. ശാസ്ത്രീയത്തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
കേസിൽ അന്വേഷണം തുടരുകയാണ്. തെളിവുകൾ ഇനിയും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കും എന്നീ വാദങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്. കേസിൽ കൂടുതൽ പേർ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. പ്രധാന തെളിവായ മൊബൈൽ ഫോൺ കണ്ടെത്തിയിട്ടില്ല. പ്രമുഖ താരവും സമൂഹത്തിലെ ഉന്നതനും ആയതിനാൽ തെളിവുകൾ നശിപ്പിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു. നിർണായക തെളിവ് കണ്ടെത്താത്തത് ഇരക്ക് ഭീഷണിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
സംഭവം തീർച്ചയായും ഗൗരവമുള്ളതാണ്. ക്രൂരവും സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. നടന് ആക്രമണത്തിനിരയായ പെൺകുട്ടിയോട് വ്യക്തി വൈരാഗ്യമുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ മുൻഭാര്യയുടെ സുഹൃത്തായ നടി, വിവാഹജീവിതം തകരുന്നതിന് കാരണമായിയെന്നും നടൻ വിശ്വസിക്കുന്നു. ജയിലിൽ നിന്ന് നടന് ഒന്നാംപ്രതിയെഴുതിയ കത്തിന് ഭീഷണി സ്വഭാവമില്ല. ഹരജിക്കാരൻ പ്രമുഖ നടനും നിർമാതാവും വിതരണക്കാരനും തിയററർ ഉടമയും ആണ്. അതിനാൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ദിലീപിന്‍റെ ഹരജിയിലെ ഹരജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിൾ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.