പെരുമാറ്റച്ചട്ട ലംഘനമില്ല; കോഴിക്കോട്ടെ സ്റ്റേഡിയം കായിക മന്ത്രി നവംബറിൽ പ്രഖ്യാപിച്ചത് -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: സ്പോർട്സ് ഫ്രറ്റേണിറ്റി പരിപാടിയിൽ താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രഖ്യാപനം നടത്തിയെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് പുതിയ ഇന്റർനാഷനൽ സ്റ്റേഡിയം വരുമെന്ന് പ്രസംഗത്തിൽ പറഞ്ഞപ്പോൾതന്നെ ഇത് നേരത്തെ പ്രഖ്യാപിച്ചതാണെന്ന് വ്യക്തമാക്കിയിരുന്നു. 2023 നവംബർ ഒമ്പതിന് തിരുവനന്തപുരത്ത് സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ വാർത്തസമ്മേളനം നടത്തി പ്രഖ്യാപിച്ച കാര്യം ആവർത്തിക്കുക മാത്രമാണ് താൻ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട തെളിവും മന്ത്രി പുറത്തുവിട്ടു.
എന്നാൽ, ഇക്കാര്യത്തിൽ യു.ഡി.എഫ് എടുത്ത തീരുമാനം വിലകുറഞ്ഞതാണ്. സർക്കാർ കോഴിക്കോടിന് നൽകിയ വികസന പദ്ധതികൾ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിന് വോട്ടാകുമോ എന്ന ഭയമാണ് യു.ഡി.എഫിന്. വികസനമുടക്കികളായി യു.ഡി.എഫ് മാറരുത്. സംഭവത്തിൽ ഏപ്രിൽ നാലിനാണ് കലക്ടറുടെ നോട്ടീസ് ലഭിച്ചത്. ചട്ടം ലംഘിച്ചിട്ടില്ല എന്നുകാട്ടി അഞ്ചിന് മറുപടിയും നൽകി.
എന്നാൽ എനിക്ക് ലഭിക്കുന്നതിനുമുമ്പ് നോട്ടീസ് പുറത്തുപോയി. ഇത് ശരിയല്ല. മറ്റുകാര്യങ്ങൾ വ്യക്തമാക്കേണ്ടത് ജില്ല കലക്ടറാണ് എന്നും മന്ത്രി പറഞ്ഞു. ‘വിവാദ പ്രസംഗം’ ചിത്രീകരിച്ച തെരഞ്ഞടുപ്പ് കമീഷന്റെ വിഡിയോഗ്രാഫറെ സ്ഥലത്തുനിന്ന് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയതടക്കമുള്ള കാര്യങ്ങൾ ചോദിച്ചപ്പോൾ അതിനെ കുറിച്ച് മറ്റുള്ളവർ മറുപടി നൽകിയെന്നും എനിക്കൊന്നും അറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.