വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് ഫർസീൻ മജീദ്
text_fieldsകണ്ണൂർ: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധ സംഭവത്തിൽ ഇ.പി. ജയരാജനെതിരെ കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതാവും കേസിലെ പ്രതികളിലൊരാളുമായ ഫർസീൻ മജീദ്.
മുഖ്യമന്ത്രിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ ഇ.പി. ജയരാജൻ അക്രമിക്കുകയായിരുന്നു. ഇ.പിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി നൽകുകയെന്ന് ഫർസീൻ അറിയിച്ചു. ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചതോടെയാണ് സംഭവത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദീകരണവുമായി ഫർസീൻ രംഗത്തെത്തിയത്.
ഇ.പി. ജയരാജനെതിരെ കേസില്ല
തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമ വിഷയത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ട ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സമയം, വിമാനത്തിൽ ഉണ്ടായിരുന്ന ഇ.പി. ജയരാജൻ അക്രമം തടയാൻ ശ്രമിച്ചു.
ഈ സംഭവത്തെ അദ്ദേഹം മർദിച്ചതായി വ്യാഖ്യാനിച്ച് നിത്യാനന്ദ് കെ.യു, ദിൽജിത്ത് എന്നിവർ ഇ-മെയിൽ മൂലം പരാതി നൽകി. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവരെ പ്രതികളാക്കി വലിയതുറ പൊലീസ് കേസെടുത്തു. പ്രത്യേക സംഘം അന്വേഷണം നടത്തിവരുകയാണ്.
പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കാൻവേണ്ടിയാണ് ജയരാജനെതിരെ പരാതി നൽകിയതെന്ന് ബോധ്യമായതിനാലാണ് അന്വേഷണം നടത്തേണ്ട എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സണ്ണിജോസഫ്, കെ. ബാബു, എ.പി. അനിൽകുമാർ, ഉമാ തോമസ് എന്നിവരാണ് ചോദ്യം ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.