‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്ന് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുക്കില്ലെന്ന് റിപ്പോർട്ട്. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്ന് കണ്ടെത്തിയെങ്കിലും വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ തന്നെ എന്ന് തെളിയിക്കാവുന്ന ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗ്രൂപ്പിലുള്ള ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ കേസെടുക്കുന്ന കാര്യം പരിഗണിക്കാമെന്നുമാണ് പൊലീസിന്‍റെ നിലപാട്.
കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം നൽകിയ പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് കേസെടുക്കാനാവില്ലെന്ന് നിലപാടെടുത്തത്. ഉണ്ടാക്കിയ ഗ്രൂപ്പിൽ സന്ദേശങ്ങൾ ഒന്നും കൈമാറാത്തതിനാൽ മതസ്പർധ വളർത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും പൊലീസ് വിലയിരുത്തുന്നു.
‘മല്ലു ഹിന്ദു ഓഫിസേഴ്സ്’ എന്ന ഗ്രൂപ്പിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവരികയും വിവാദമാകുകയുമായിരുന്നു. ഇതോടെ തന്‍റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്ന് ഗോപാലകൃഷ്ണൻ പരാതി നൽകി. എന്നാൽ, പൊലീസ് അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയതെന്നും കണ്ടെത്തി.
കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സിറ്റി പൊലീസ് കമീഷണർക്ക് നിയമോപദേശം നൽകിയിരുന്നു. എന്നാൽ, രേഖകൾ മുഴുവൻ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമായിരുന്നു പൊലീസ് നിലപാട്. നിലവിൽ സസ്പെൻഷനിലാണ് ഗോപാലകൃഷ്ണൻ. ഇതോടെ സസ്പെൻഷനപ്പുറം ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യത ഇല്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.