കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സി.ബി.ഐ അന്വേഷണം വേണ്ട; ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ
text_fieldsകൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷിക്കേണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. തട്ടിപ്പിൽ ഭരണസമിതി അംഗങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി നടത്തിയ അന്വേഷണ വിശദാംശം ഉൾപ്പെടെ ഹാജരാക്കിയാണ് ക്രൈംബ്രാഞ്ച് തൃശൂർ യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് യു.എ. ഉല്ലാസ് സത്യവാങ്മൂലം നൽകിയത്. 2016 മുതൽ 2021 വരെ ബാങ്ക് ഭരണസമിതിയിൽ ഉണ്ടായിരുന്നവരുടെ മൗനാനുവാദത്തോടെയാണ് തട്ടിപ്പെന്നും ഭരണസമിതിയിലുണ്ടായിരുന്ന 13 പേരിൽ മരിച്ച വൈസ് പ്രസിഡെൻറാഴികെ 12 പേരെയും പ്രതിയാക്കിയെന്നും വിശദീകരണത്തിൽ പറയുന്നു.
ഭരണസമിതി അംഗങ്ങൾ തട്ടിപ്പിന് തങ്ങളുടെ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്തു. ബാങ്ക് ജീവനക്കാരായിരുന്ന ഒന്ന് മുതൽ മൂന്ന് വരെ പ്രതികൾക്കും ആറാം പ്രതിക്കും ഭരണസമിതി അംഗങ്ങൾക്കും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം ബാധകമായതിനാൽ അന്വേഷണത്തിന് മുൻകൂർ അനുമതിക്ക് സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. വസ്തുവിന് അധിക വില കാണിക്കൽ, വായ്പ അനുവദിക്കാൻ വ്യാജ അംഗത്വം നൽകൽ, വായ്പ പൂർണമായി അടക്കാതെ ഈടുരേഖകൾ മടക്കിനൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. ഇല്ലാത്ത വിലാസത്തിലും സ്ഥലത്തിെൻറ യഥാർഥ ഉടമ അറിയാതെയും വായ്പ അനുവദിച്ചിട്ടുണ്ട്.
ഒരു ഈടിേന്മൽ ഒന്നിലേറെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. പ്രതികളാക്കപ്പെട്ടവർക്കെതിരെ മാത്രമല്ല അന്വേഷണം. ഒരേ സ്വഭാവമുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നതിനാൽ തുക കണക്കിലെടുത്ത് അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ല. അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് അധികാരമുണ്ട്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന പേരിൽ സി.ബി.ഐക്ക് കൈമാറണമെന്ന വാദം നിലനിൽക്കില്ല. നിലവിലെ അന്വേഷണത്തിൽ ഹരജിക്കാരന് പരാതിയില്ല. ബാങ്കിലെ ജീവനക്കാരനായിരുന്ന ഹരജിക്കാരനെ ക്രമക്കേടിന് 2017ൽ സർവിസിൽനിന്ന് പിരിച്ചുവിട്ടതാണ്. 1.28 ലക്ഷം രൂപയുടെ ക്രമക്കേടിനും കീഴ്ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും ഇയാൾക്കെതിരെ കേസുണ്ട്. സഹകരണ വകുപ്പ് ഓഫിസർമാരുടെ സഹകരണത്തോടെയാണ് പൊലീസ് അന്വേഷണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുൻജീവനക്കാരനായ എം.വി. സുരേഷ് നൽകിയ ഹരജിയിലാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.