Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടിന് കേന്ദ്ര സഹായം...

വയനാടിന് കേന്ദ്ര സഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരം; പുനരധിവാസത്തിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ -വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയൊരു സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താല്‍ക്കാലികമായ ഒരു അലോക്കേഷന്‍ പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭ അര്‍പ്പിച്ച ചരമോപചാരത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സമീപകാലത്ത് നമ്മള്‍ നമ്മള്‍ ദര്‍ശിച്ച ഏറ്റവും വലിയ സങ്കടമാണ് വയനാട്ടിലേത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ അനാഥരായി. കുഞ്ഞുങ്ങള്‍ മാത്രമായും പ്രായമായവര്‍ മാത്രമായും അവശേഷിക്കുന്ന വീടുകളുണ്ട്. ബന്ധുക്കളെ മുഴുവന്‍ നഷ്ടമായവരും ആരും ബാക്കിയാകാത്ത അറുപത്തി ഏഴോളം കുടുംബങ്ങളുമുണ്ട്. ഓരോ കുടുംബങ്ങള്‍ക്കും ഓരോ തരത്തിലുള്ള സങ്കടങ്ങളാണ്. വീടുകള്‍ നഷ്ടപ്പെട്ടവരും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരുമുണ്ട്. കടബാധ്യതകളുള്ളവരും കൃഷി ചെയ്തു ജീവിക്കാന്‍ സാധിക്കാത്ത സാഹചര്യവുമാണ് അവിടെ നിലനില്‍ക്കുന്നത്. പുറത്ത് പല കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നിരവധി കുട്ടികളുമുണ്ട്. അപകട ഭീഷണിയില്‍ ഇപ്പോഴും താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്.

‘ഭാരിച്ച ചെലവുകള്‍ പൊതുജനത്തിന്റെ കൂടി പിന്തുണയോടെ നിര്‍വഹിക്കാനാകണം’

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയപ്പോള്‍ ഒരുകാലത്തും ഇല്ലാത്ത തരത്തിലുള്ള പൂര്‍ണമായ പിന്തുണ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് സഭയ്ക്ക് ഉറപ്പു നല്‍കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാകണം. അത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തരുത്. ആരംഭശൂരത്വം കാട്ടിയെന്ന് പലപ്പോഴും ഭരണകൂടങ്ങളെ ജനങ്ങള്‍ അധിക്ഷേപിക്കാറുണ്ട്. ആ സ്ഥിതി ഉണ്ടാകരുത്. രാജ്യത്തിനു തന്നെ മാതൃകാപരമായ പുനരധിവാസം ഉണ്ടാകണം. ടൗണ്‍ഷിപ്പിനെ കുറിച്ചും കമ്മ്യൂണിറ്റി ലിവിംഗിനെ കുറിച്ചുമുള്ള വിശാലമായ ആലോചനകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകണം. ഭാരിച്ച ചെലവുകള്‍ നമുക്ക് മുന്നിലുണ്ട്. അതെല്ലാം പൊതുജനത്തിന്റെ കൂടി പിന്തുണയോടെ നിര്‍വഹിക്കാനാകണം. വയനാട്ടില്‍ ഉണ്ടായതു പോലുള്ള ദുരന്തമാണ് വിലങ്ങാടും ഉണ്ടായത്. അവിടെ ഒരു മനുഷ്യ ജീവന്‍ മാത്രമെ നഷ്ടപ്പെട്ടുള്ളൂവെന്നതു കൊണ്ടാണ് ശ്രദ്ധിക്കപ്പെടാതെ പോയത്. വലിയ ദുരന്തമാണ് അവിടെയും ഉണ്ടായത്.

‘വാണിങ് സിസ്റ്റവും ഇവാക്യുവേഷന്‍ പ്ലാനും ഉണ്ടാക്കണം’

കേരളം ഒരു അപകട മേഖലയിലാണെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. 2021-ല്‍ 195 രാജ്യങ്ങള്‍ ഒന്നിച്ചു തയാറാക്കിയ ഐ.പി.സി.സി റിപ്പോര്‍ട്ടും അതിന്‍മേല്‍ നാസ നടത്തിയ വിശകലനവും പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചതാണ്. പടിഞ്ഞാറന്‍ തീരങ്ങള്‍ അപകടത്തിലാണെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. കള്ളക്കടല്‍ പ്രതിഭാസം, ചക്രവാത ചുഴി, മേഘവിസ്‌ഫോടനം ഉള്‍പ്പെടെയുള്ള വാക്കുകള്‍ ഈ കാലാവസ്ഥാ വ്യതിയാനം സംഭാവന ചെയ്തതാണ്. പശ്ചിമഘട്ട മലനിരകളില്‍ കഴിഞ്ഞ മൂന്നു നാലു വര്‍ഷമായി ആയിരക്കണക്കിന് മണ്ണിടിച്ചിലുകളാണ് ഉണ്ടാകുന്നത്. ഇത്രമാത്രം മനുഷ്യജീവന്‍ നഷ്ടപ്പെട്ടതു കൊണ്ടാണ് വയനാട് മണ്ണിടിച്ചില്‍ ശ്രദ്ധിക്കപ്പെട്ടത്. അല്ലാതെയുള്ള മണ്ണിടിച്ചിലുകള്‍ സാധാരണ സംഭവമായി മാറുകയാണ്. നമുക്ക് ഇതിനെയൊക്കെ മറികടക്കാനാകണം. അതിനു വേണ്ടി വാണിങ് സിസ്റ്റം ഉണ്ടാകേണ്ടതുണ്ട്. അതിനൊപ്പം ഇവാക്യുവേഷന്‍ പ്ലാനും ഉണ്ടാകണം. തീരപ്രദേശവും അപകടാവസ്ഥയിലാണ്. അവിടെ കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം പശ്ചിമഘട്ട മലനിരകളും അപകടത്തിലാണ്. ഇടനാടുകളില്‍ ഏതു സ്ഥലത്തും പ്രളയവും വെള്ളക്കെട്ടുകളും ഉണ്ടാകാമെന്ന അവസ്ഥയിലുമാണ്. കൂടുതല്‍ നേരം മഴ പെയ്താല്‍ ഏതു നഗരവും വെള്ളത്തിന് അടിയിലാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. കേരളമാണ് ഏറ്റവും അപകടതരമായ സ്ഥിതിയിലുള്ള പ്രദേശമെന്നതും തിരിച്ചറിയണം.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും ശാസ്ത്ര സ്ഥാപനങ്ങളുടെയും പുതിയ അറിവുകളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടെ കാലഘട്ടത്തിന് അനുയോജ്യമായ ദുരന്ത ലഘൂകരണം സംവിധാനമുണ്ടാക്കണം. ഒറീസയെ പോലെ അന്താരാഷ്ട്ര നിലവാരമുള്ള വാണിങ് സിസ്റ്റവും ഇവാക്യുവേഷന്‍ പ്ലാനും കേരളത്തിനും ഉണ്ടാക്കാനാകണം. ഏത് വികസന പദ്ധതി ആലോചിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനം പ്രധാന ഘടകമായി പരിഗണിക്കണം. പരിസ്ഥിതി ആഘാത പഠനം നടത്താതെ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും മനസിലാക്കണം. പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ടുള്ള നയരൂപീകരണങ്ങള്‍ നടത്തി വേണം വികസന പദ്ധതികള്‍ ആവിഷ്‌ക്കരിക്കേണ്ടത്. വയനാട്ടിലെ ദുരന്തം പ്രകൃതി നല്‍കിയിരിക്കുന്ന മുന്നറിയിപ്പായി കാണാന്‍ സാധിക്കണം -വി.ഡി. സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideV D Satheesan
News Summary - No central package for Wayanad is unfortunate -V.D. Satheesan
Next Story