മുസ്ലിം ലീഗിൽ നേതൃമാറ്റം ഉടനില്ല; പ്രവർത്തക സമിതി ജൂലൈ ഏഴിന്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനെ തുടർന്ന് മുസ്ലിം ലീഗ് നേതൃത്വം പാർട്ടിക്കകത്തുനിന്നും പോഷക സംഘടനകളിൽനിന്നും കടുത്ത വിമർശനം ഏറ്റുവാങ്ങുന്നതിനിടെ, സംസ്ഥാന പ്രവർത്തക സമിതി യോഗം ചേരുന്നു. ജൂലൈ ഏഴ്, എട്ട് തീയതികളിൽ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലാണ് മുഴുസമയ പ്രവർത്തക സമിതി നടക്കുക. മുന്നോടിയായുള്ള ജില്ല കമ്മിറ്റി യോഗങ്ങൾ തുടങ്ങി. ജില്ല കമ്മിറ്റി റിപ്പോർട്ടുകളും പോഷക സംഘടനകളുടെ റിപ്പോർട്ടും ക്രോഡീകരിച്ച് വിശദ ചർച്ചയാണ് പ്രവർത്തക സമിതിയിലുണ്ടാവുക.
നേതൃത്വത്തിനെതിരായ പ്രതിഷേധം ശക്തമാണെങ്കിലും ഉടൻ നേതൃമാറ്റം ഉണ്ടാകില്ല. ആഗസ്റ്റ് മുതൽ അംഗത്വ കാമ്പയിൻ തുടങ്ങും. തുടർന്ന് വാർഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല തലത്തിൽ മെമ്പർഷിപ് പൂർത്തിയാക്കി പുതിയ കമ്മിറ്റികൾ നിലവിൽവരാൻ ആറ് മാസമെങ്കിലും സമയമെടുക്കും. ഇതിനുശേഷം മാത്രമെ നേതൃമാറ്റത്തെക്കുറിച്ച് പാർട്ടി ചിന്തിക്കുന്നുള്ളൂ. അതേസമയം, സംഘടനതലത്തിൽ ചില പരിഷ്കരണങ്ങൾ നേതൃത്വത്തിെൻറ ആലോചനയിലുണ്ട്. പാർട്ടിക്കകത്ത് രൂപപ്പെട്ട പ്രതിഷേധങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുമ്പത്തെപ്പോലെ മുന്നോട്ട് പോകാനാവില്ലെന്ന് നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ നേതൃത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലുണ്ടായ പ്രവർത്തക രോഷവും പിന്നീട് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി തന്നെ നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ചതും ഒടുവിൽ യൂത്ത്ലീഗ് ഭാരവാഹി യോഗത്തിലുണ്ടായ കടുത്ത വിമർശനങ്ങളും മുെമ്പാന്നുമില്ലാത്ത വിധം നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
യൂത്ത് ലീഗ് ഭാരവാഹി യോഗത്തിൽ പതിവില്ലാത്ത വിധം മുസ്ലിം ലീഗിെൻറ നേതൃസ്ഥാനത്തുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യമുണ്ടായത് അംഗങ്ങളിൽനിന്നുള്ള ശക്മായ വിമർശനം ഒഴിവാക്കാനായിരുന്നെങ്കിലും അദ്ദേഹത്തെ സാക്ഷിനിർത്തി ഭാരവാഹികളിൽനിന്ന് രൂക്ഷ പ്രതികരണമാണുണ്ടായത്. അതുകൊണ്ടുതന്നെ ഉടൻ പാർട്ടി ഘടകങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചാണ് ആലോചന നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.