പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്; പ്രതിഷേധം കനക്കുന്നു
text_fieldsകണ്ണൂർ: പാലത്തായിയിൽ ബി.ജെ.പി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്. കേസെടുത്ത് 90 ദിവസം പൂർത്തിയാകുന്ന ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. നാലാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകനായ കുനിയില്‍ പത്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈംബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്.
പ്രതിയെ സംരക്ഷിക്കാൻ െപാലീസ് കൂട്ടുനിൽക്കുകയാണെന്ന് വ്യാപക ആക്ഷേപമുണ്ട്. അതേസമയം, പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ബുധനാഴ്ച പേരിനൊരു കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹരജി ഹൈകോടതി തള്ളിയിരുന്നു. ഇതിന് മുമ്പ് തലശ്ശേരി ജില്ല സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തള്ളി. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈകോടതി പത്മരാജെൻറ ജാമ്യഹരജി തള്ളിയത്. കുട്ടിയുടെ മാനസിക സന്തുലിതാവസ്ഥ അപകടത്തിലാണെന്നും ചോദ്യം ചെയ്യാൻ കൂടുതൽ സമയം ആവശ്യമാണെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ സുമൻ ചക്രവർത്തി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈകോടതിയെ അറിയിച്ചത്.
പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥലം എം.എൽ.എയും ശിശുക്ഷേമ മന്ത്രിയുമായ കെ.കെ. ശൈലജ അടക്കമുള്ളവരുടെയും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയാറായത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശ്ശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍നിന്ന് പിടികൂടിയത്. ഇയാൾ നിലവിൽ തലശ്ശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. വിവിധ സംഘടനകൾ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുകയുണ്ടായി. കൂടാതെ സമൂഹ മാധ്യമങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പ്രതിഷേധ കമൻറുകൾ നിറയുകയാണ്.
കുറ്റപത്രം വൈകുന്നതിനെതിരെ വുമൺ ജസ്റ്റിസ് മൂവ്മെൻറ് ചൊവ്വാഴ്ച കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിങ്കളാഴ്ച കണ്ണൂര്‍ കലക്ടറേറ്റിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും മാര്‍ച്ച് നടത്തിയിരുന്നു. കലക്ടറേറ്റിെൻറ ഗേറ്റ് തള്ളിത്തുറന്ന് കോമ്പൗണ്ടില്‍ പ്രവേശിച്ച വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവർക്ക് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവങ്ങൾ ഉണ്ടായതായി പരാതിയുണ്ട്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.