ക്രിസ്മസ്-പുതുവത്സര അവധിയില്ല; പൊലീസിൽ കടുത്ത അസംതൃപ്തി
text_fieldsതിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷവേളയിൽ അവധി അനുവദിക്കരുതെന്ന നിർദേശത്തിൽ പൊലീസ് സേനയിൽ കടുത്ത അസംതൃപ്തി. ജില്ല പൊലീസ് മേധാവികൾ വെവ്വേറെയായി ഇറക്കിയ ഉത്തരവുകൾ പ്രകാരമാണ് പൊലീസുകാർക്ക് അവധി നിഷേധിച്ചിരിക്കുന്നത്. ഈമാസം 24 മുതൽ ജനുവരി ഒന്നു വരെ അവധി അനുവദിക്കരുതെന്നാണ് പല ജില്ല പൊലീസ് മേധാവികളും ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ അവധി അനുവദിക്കൂ.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻ കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ കടുത്ത അതൃപ്തിയിലാണ് പൊലീസ് സേനാംഗങ്ങൾ. തിരുവനന്തപുരം നഗരപരിധിയിൽ പുഷ്പോത്സവം ഉൾപ്പെടെ തിരക്കുകൾ നിയന്ത്രിക്കാനുണ്ടെന്നും കോവളം, വർക്കല ഉൾപ്പെടെ സ്ഥലങ്ങളിൽ പുതുവത്സരാഘോഷങ്ങൾ നടക്കുമ്പോഴുണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുള്ളതെന്നുമാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം. ക്യാമ്പുകളിലുള്ള പൊലീസുകാർക്ക് കരുതൽമേഖല പ്രതിഷേധങ്ങളുടെ ഭാഗമായും അവധി നിഷേധിച്ചിട്ടുണ്ട്.
എന്നാൽ, ഇത്തരം ഉത്തരവുകളിലൂടെ ക്രൈസ്തവരായ പൊലീസുകാർക്ക് പോലും ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം നിഷേധിക്കുകയാണെന്നും ഇത്തരം നടപടികൾ സേനാംഗങ്ങളെ മാനസികമായി തകർക്കുന്നതാണെന്നും പൊലീസുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.