കെ.ടി ജലീലിന് ക്ലീൻചിറ്റില്ല, വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. മന്ത്രിക്ക് ക്ലീൻ ചിറ്റില്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടർ എസ്.കെ. മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. ജലീലിനെ രണ്ടു ദിവസമായാണ് ചോദ്യം ചെയ്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രമല്ല, വ്യാഴാഴ്ച രാത്രിയും ചോദ്യം ചെയ്തതായാണ് അറിയുന്നത്. കൊച്ചിയിലെ എൻഫോഴ്സ്മെൻറ് മേഖല ഓഫിസിൽ നടന്ന ചോദ്യം ചെയ്യൽ രഹസ്യമായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് ചോദ്യംചെയ്യൽ കഴിഞ്ഞ് ആരുമറിയാതെ മന്ത്രി മലപ്പുറത്തെ വീട്ടിലേക്ക് മടങ്ങിയ ശേഷമാണ് ചോദ്യം ചെയ്ത വിവരംതന്നെ പുറത്തുവന്നത്. ചോദ്യം ചെയ്യുന്നത് പുറത്തറിയിക്കരുതെന്ന് മന്ത്രി എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരോട് അഭ്യർഥിച്ചിരുന്നു.
എന്നാൽ, എൻഫോഴ്സ്മെൻറിലെ ഉന്നതർതന്നെ വിവരം പുറത്തുവിടുകയായിരുന്നു. തുടർന്ന്, മന്ത്രി മാധ്യമങ്ങളെ പരിഹസിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പിടുകയും ചെയ്തു.
വ്യാഴാഴ്ച വൈകീട്ടാണ് മന്ത്രി ജലീൽ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് ഏഴരക്ക് ഇ.ഡി ഓഫിസിൽ ഹാജരായ അദ്ദേഹം യു.എ.ഇ കോൺസുലേറ്റ് വഴി ഖുർആൻ എത്തിയതു സംബന്ധിച്ച വിശദീകരണക്കുറിപ്പ് നൽകി. രാത്രി 11.30 വരെ ചോദ്യം ചെയ്തശേഷം പിറ്റേന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിട്ടയച്ചു.
വെള്ളിയാഴ്ച ഈ വിശദീകരണം സംബന്ധിച്ച കാര്യങ്ങളാണ് ജലീലിനോട് ചോദിച്ചത്. ഇതിനുശേഷവും സ്വത്തുവിവരങ്ങൾ സംബന്ധിച്ച മറ്റുചില രേഖകൾ മന്ത്രി എൻഫോഴ്സ്മെൻറിന് ൈകമാറിയിരുന്നു.
രണ്ടു ദിവസത്തെ ചോദ്യംചെയ്യലിൽ ലഭിച്ച മറുപടികളും വിശദീകരണങ്ങളും സമർപ്പിച്ച രേഖകളും എൻഫോഴ്സ്മെൻറ് സംഘം ഡൽഹിയിൽ ഡയറക്ടർക്ക് അയച്ചുകൊടുത്തിരുന്നു. ഇത് വിശകലനം ചെയ്താണ് വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും ക്ലീൻ ചിറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചത്.
അടുത്ത ചോദ്യം ചെയ്യൽ എന്നാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന ബാഗേജിെൻറ മറവില്‍ സ്വര്‍ണക്കടത്തോ കറന്‍സി ഇടപാടുകളോ നടന്നതായാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
മതഗ്രന്ഥങ്ങള്‍ എത്തിച്ചതിലെ വിവരങ്ങളും മന്ത്രിയുടെ ഉത്തരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.