ഗവർണറുടെ കത്തിനെ കുറിച്ച് പ്രതികരിക്കാനില്ല, എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് -ധനമന്ത്രി
text_fieldsകൊല്ലം: മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ നീക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
ഗവർണർക്ക് മുഖ്യമന്ത്രി മറുപടി നൽകിയിട്ടുണ്ട്. അതു സംബന്ധിച്ച് മന്ത്രിയെന്ന നിലയിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല.
ഗവർണർ കത്ത് നൽകിയത് മുഖ്യമന്ത്രിക്കാണ്. അത് അവർ രണ്ടുപേരും തമ്മിലുള്ള കാര്യമാണ്. ആ കത്ത് താൻ കണ്ടിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടന ചുമതല വഹിക്കുന്ന ആളുകളാണ് മുഖ്യമന്ത്രിയും ഗവർണറും. ഭരണഘടനപരമായ വിഷയമാണത്. അതുസംബന്ധിച്ച് ഇപ്പോൾ അഭിപ്രായം പറയേണ്ട കാര്യവുമില്ലെന്നും ബാലഗോപാൽ പറഞ്ഞു. കേരള ചരിത്രത്തിൽ അല്ല, ഇന്ത്യയിൽ തന്നെ ഇത്തരമൊരു നീക്കം ആദ്യമായാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ പ്രീതി നഷ്ടമായെന്നും ഉചിത നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.കേരള സർവകലാശാലയിൽ നടന്ന ചടങ്ങിൽ ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു സംഭവം വിശദീകരിച്ച ധനമന്ത്രി അവിടെ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളുടെ സാഹചര്യം അറിയില്ലെന്ന് സൂചിപ്പിച്ചിരുന്നു. ഇതാണ് ഗവർണറെ പ്രകോപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.