ഫണ്ടില്ലാത്തതിനാൽ നഷ്ടപരിഹാരമില്ല; കെട്ടിക്കിടക്കുന്നത് കുന്നോളം അപേക്ഷകൾ
text_fieldsനിലമ്പൂർ: വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടത്തിനുള്ള നഷ്ടപരിഹാരം തേടി 450ഓളം അപേക്ഷകളാണ് വനംവകുപ്പിന്റെ സൗത്ത് ഡിവിഷനിൽ കെട്ടിക്കിടക്കുന്നത്. കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെയും പാമ്പ് കടിയേറ്റ് മരിച്ചവരുടെയും ആശ്രിതർക്കുള്ള നഷ്ടപരിഹാരവും വന്യജീവി ആക്രമണങ്ങളിൽ പരിക്കേറ്റവർക്കുള്ള സഹായവും ഇതിൽ ഉൾപ്പെടും. 2022 മുതലുള്ള അപേക്ഷകളാണ് പരിഗണനക്ക് കാത്തുകിടക്കുന്നത്. ഈ വർഷം സൗത്ത് ഡിവിഷനിൽ പാമ്പ് കടിയേറ്റ് രണ്ടുപേരും കാട്ടാന ആക്രമണത്തിൽ മൂന്നുപേരും മരിച്ചു. ഇതിൽ രണ്ട് മരണത്തിനുള്ള നഷ്ടപരിഹാരം ലഭ്യമായിട്ടില്ല. രണ്ടെണ്ണത്തിന് പകുതി തുക മാത്രമാണ് ലഭിച്ചത്. പരിക്കേറ്റ 42 പേർക്കുള്ള അപേക്ഷയിലും തീർപ്പായിട്ടില്ല. വഴിക്കടവ്, നിലമ്പൂർ, എടവണ്ണ എന്നീ മൂന്ന് റേഞ്ചുകളുള്ള നോർത്ത് ഡിവിഷനിലും 500ഓളം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. മരിച്ചവരുടെ ആശ്രിതർക്കുള്ള അപേക്ഷകൾ പോലും തീർപ്പാക്കാനായിട്ടില്ല. കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ലഭിക്കാത്തതാണ് കാരണമായി പറയുന്നത്.
ഹാങ്ങിങ് ഫെൻസിങ് വന്നു
കാളികാവ് റേഞ്ചിലെ പാട്ടക്കരിമ്പ്-കവളയിൽ അഞ്ച് കിലോ മീറ്റർ, കൽക്കുളം-ചീനിക്കുന്ന് 1.3 കിലോ മീറ്റർ, നെല്ലിക്കര-മരുതങ്ങാട് 1.5 കിലോ മീറ്റർ, കരുളായി റേഞ്ചിലെ കല്ലംകോട്-അണക്കെട്ട് മൂന്ന് കിലോ മീറ്റർ, കൊയപ്പാൻകുണ്ട് 750 മീറ്റർ എന്നിവിടങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് (തൂക്കുവേലി) പൂർത്തീകരിച്ചു. 225 ലക്ഷത്തിന്റെ 28.25 കിലോമീറ്റർ തൂക്കുവേലി നിർമാണത്തിന് പദ്ധതി തയാറാക്കി വരുകയാണ്. ബാലക്കുളത്ത് 1.5 കിലോ മീറ്റർ നീളത്തിൽ എലിഫെന്റ് പ്രൂഫ് വാളും നിർമിച്ചിട്ടുണ്ട്.
പ്രതിരോധ മതിലിന് ഒരുകോടി
ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ പ്രതിരോധ മതിൽ സ്ഥാപിക്കാൻ ഒരുകോടിയോളം രൂപ ചെലവുവരും. 1.8 മീറ്റർ ഉയരത്തിലാണ് മതിൽ സ്ഥാപിക്കേണ്ടത്. ഇതിന്റെ ഭാരിച്ച ചെലവ് മൂലം വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുകയാണ് കൂടുതൽ ചെയ്തിട്ടുള്ളത്. ഒരു കിലോമീറ്റർ വേലി സ്ഥാപിക്കാൻ നിലവിൽ രണ്ട് ലക്ഷത്തോളം രൂപയാണ് ചെലവ്. 2018-19 വർഷത്തിൽ 37.27 ലക്ഷം ചെലവിൽ 21.01 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിങ് സ്ഥാപിച്ചു. 68,000 രൂപയുടെ എലിഫെന്റ് പ്രൂഫ് ട്രഞ്ചും നിർമിച്ചു.
2019-20ൽ 31.92 ലക്ഷം രൂപയുടെ സോളാർ ഫെൻസിങ്, 7.31 ലക്ഷം രൂപയുടെ എലിഫെന്റ് പ്രൂഫ് ട്രഞ്ച്, ആറ് ലക്ഷത്തിന് ചെക്ക് ഡാം എന്നിങ്ങനെ നിർമിച്ചു. 2020-21ൽ 14.55 ലക്ഷത്തിന് 8.26 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിച്ചു. 2021-22ൽ 20.87 ലക്ഷത്തിന് 12.16 കിലോമീറ്റർ സോളാർ ഫെൻസിങ് സ്ഥാപിച്ചു. 11.5 കിലോ മീറ്റർ നീളത്തിൽ സോളാർ ഫെൻസിങ് പ്രവൃത്തി നടന്നുവരുകയാണ്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.