സി.പി.എം പരിപാടി വിലക്കിയതിൽ പരാതിയില്ല -ആർ. ചന്ദ്രശേഖരൻ
text_fieldsആലപ്പുഴ: സി.പി.എം പാർട്ടികോൺഗ്രസിന്റെ ഭാഗമായി പയ്യന്നൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കരുതെന്ന് കെ.പി.സി.സി വിലക്കിയതിൽ പരാതിയില്ലെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എനിക്ക് ശക്തമായ രാഷ്‌ട്രീയമുണ്ട്. എന്ത് പ്രസംഗിക്കണമെന്നും അറിയാം. എന്നാൽ, സി.പി.എം സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കണമോ വേണ്ടയോയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനോട് ചോദിച്ചപ്പോൾ വേണ്ടെന്നായിരുന്നു മറുപടി. ഞാനൊരു കോൺഗ്രസ് പ്രവർത്തകനായതിനാൽ പാർട്ടി തീരുമാനം അംഗീകരിക്കുന്നു. കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ കൊടിതോരണങ്ങളും മറ്റും നശിപ്പിക്കുന്നു. കെ.എസ്.യു നേതാക്കളെ ആക്രമിക്കുന്നു. ഈ സാഹചര്യത്തിൽ സി.പി.എമ്മുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് പറഞ്ഞു.
പാർട്ടി നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണത്. സി.ഐ.ടി.യുവിന്റെ പരിപാടിയാണെങ്കിൽ ട്രേഡ് യൂനിയൻ എന്ന നിലയിൽ പങ്കെടുക്കാമായിരുന്നു. വിലക്കിന്റെ കാര്യത്തിൽ തീരുമാനം പറയേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്ന കെ.വി. തോമസിന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നായിരുന്നു മറുപടി.
തിരുവനന്തപുരത്ത് ഐ.എൻ.ടി.യു.സി 75ാം ജന്മദിന സമ്മേളനവും തിരുവനന്തപുരം പരുത്തിക്കുഴി നിർമിച്ച സംസ്ഥാന കമ്മിറ്റി ഓഫിസും മേയ് മൂന്നിന് രാഹുൽ ഗാന്ധി എം.പി ഉദ്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.