എം.എം. ഹസനെതിരെ ഹൈകമാൻഡിന് പരാതി കിട്ടിയിട്ടില്ല
text_fieldsഎം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാൻ
അനുവദിക്കില്ല
സ്വന്തം ലേഖകൻ
ന്യൂഡൽഹി: യു.ഡി.എഫ് കൺവീനർ എം.എം. ഹസനെതിരെ കോൺഗ്രസ് ഹൈകമാൻഡിന് പരാതി കിട്ടിയിട്ടില്ലെന്ന് കേരളത്തിെൻറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ ഗ്രൂപ് വീതംവെപ്പ് പാടില്ലെന്നും കോൺഗ്രസ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കില്ലെന്നും കൂട്ടായ നേതൃത്വം കോൺഗ്രസിനെ നയിക്കുമെന്നും താരിഖ് അൻവർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിെൻറ പരാജയം സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം കോൺഗ്രസ് അധ്യക്ഷക്ക് കൈമാറിയിരുന്നു.
കോൺഗ്രസിൽ ഹസനെതിരെ പടയൊരുക്കമുണ്ടെന്നും മുസ്ലിമിനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തിരുത്തിയതിനാൽ ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെട്ടുവെന്നും ചില കോൺഗ്രസ് എം.പിമാർ പരാതി നൽകിയെന്ന വാർത്തയാണ് താരിഖ് അൻവർ തള്ളിക്കളഞ്ഞത്. എം.എം. ഹസനെതിരെ ഒരു കത്തും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരാളല്ല, കൂട്ടായ നേതൃത്വമാകും കോണ്‍ഗ്രസിനെ നയിക്കുക. നിയമസഭ തെരഞ്ഞെടുപ്പിനെ ഉമ്മന്‍ ചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ചെയര്മാന് ആകുന്നത് സംബന്ധിച്ച് കേരളത്തിൽ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി നാലിന് വീണ്ടും കേരളത്തിലേക്ക് വരാനിരിക്കെയാണ് താരിഖ് അൻവർ ഡൽഹിയിൽ മാധ്യമപ്രവർത്തകരെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.