'പ്രമോദിനെതിരെ പരാതിയില്ല'; പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്
text_fieldsകോഴിക്കോട്: പി.എസ്.സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്. പ്രമോദ് ല്ല സുഹൃത്താണെന്നും താൻ ആർക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് വാർത്താ ചാനലുകളോട് പ്രതികരിച്ചു.
പ്രമോദിനെതിരെ ഞാൻ ആർക്കും പരാതി കൊടുത്തിട്ടില്ല, അദ്ദേഹം പണവും വാങ്ങിയിട്ടില്ല. ഞാനങ്ങനെ പണം കൊടുത്തിട്ടുണ്ടെങ്കിലല്ലേ പരാതിപ്പെടേണ്ട കാര്യമുള്ളൂ. ഞാൻ തന്നെ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നത്. ഇപ്പോഴുള്ള ഈ വിവാദം എങ്ങനെയുണ്ടായി എന്ന് കണ്ടെത്തണമെന്നും ശ്രീജിത്ത് പ്രതികരിച്ചു.
കോഴ വിവാദത്തിന് പിന്നാലെ സി.പി.എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സി.പി.എം പുറത്താക്കിയിരുന്നു. പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് നടപടിയെന്നായിരുന്നു ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രതികരണം. ബി.ജെ.പി പ്രാദേശിക നേതാവ് ഉൾപ്പെടുന്ന സംഘവുമായി ചേർന്ന് പ്രമോദ് ക്രമക്കേട് നടത്തി എന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന പാർട്ടി അന്വേഷണ കമീഷന്റെ കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അത് പുറത്തു കൊണ്ടുവരണമെന്നുമാണ് പ്രമോദിന്റെ നിലപാട്.
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കൈപ്പറ്റിയെന്നാണ് പ്രമോദിനെതിരെ ഉയർന്ന ആരോപണം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.